
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവാഹമോചിതരായ പെണ്‍മക്കള്‍ക്ക് ഇനി മുതല്‍ കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടാകും. മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ വിവാഹമോചനം നേടിയവര്‍ക്കും, വിവാഹമോചനത്തിനുള്ള കോടതി നടപടികള്‍ ആരംഭിച്ചവര്‍ക്കും ഈ പുതിയ നിയമം വഴി ആനുകൂല്യം ലഭിക്കും. വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷൻ ലഭിക്കുമോ എന്ന വിഷയത്തിലെ ആശയക്കുഴപ്പങ്ങൾക്കാണ് ഇതോടെ വ്യക്തതയായത്.
ഈ വിഷയത്തിൽ പാർലമെന്റിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസർക്കാർ പുതിയ നിയമത്തെക്കുറിച്ച് വിശദീകരിച്ചത്. സെൻട്രൽ സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങൾ, 2021, ഒക്ടോബർ 26, 2022-ലെ ഓഫീസ് മെമ്മോറാണ്ടം എന്നിവയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. റെയിൽവേ, പ്രതിരോധ സേനാ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ നിയമം ബാധകമാണ്.
പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍
ഒരു സര്‍ക്കാര്‍ ജീവനക്കാരനോ പെന്‍ഷന്‍കാരനോ മരിക്കുമ്പോള്‍, ആശ്രിതരായ പങ്കാളിയോ, മകനോ, മറ്റ് അര്‍ഹരായ മകളോ ഇല്ലാത്ത സാഹചര്യത്തിൽ അല്ലെങ്കിൽ അവർക്ക് പെൻഷൻ ലഭിക്കാനുള്ള യോഗ്യതകൾ (ഉദാഹരണത്തിന്, 25 വയസ്സ് പൂർത്തിയാവുകയോ സ്വന്തമായി വരുമാനം നേടുകയോ ചെയ്യുന്ന അവസ്ഥയിൽ) ഇല്ലാത്തപ്പോഴാണ് ഈ നിയമം പ്രയോജനപ്പെടുന്നത്. ഈ സാഹചര്യങ്ങളിൽ, അവിവാഹിതയായ, വിധവയായ, അല്ലെങ്കിൽ വിവാഹമോചിതയായ മകൾക്ക് 25 വയസ്സിന് ശേഷവും ജീവിതകാലം മുഴുവൻ പെൻഷന് അർഹതയുണ്ടാകും.
പെൻഷൻ ലഭിക്കുന്നതിന് ഈ വ്യവസ്ഥകൾ കൂടി പാലിക്കണം:
- മകൾ മാതാപിതാക്കളെ ആശ്രയിച്ചായിരിക്കണം ജീവിക്കുന്നത്.
- മകൾ വിധവയാണെങ്കിൽ, ഭർത്താവ് മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ മരിച്ചിരിക്കണം.
- മകൾ വിവാഹമോചിതയാണെങ്കിൽ, വിവാഹമോചനം മാതാപിതാക്കളുടെ ജീവിതകാലത്ത് നടന്നിരിക്കണം. അല്ലെങ്കിൽ, വിവാഹമോചനത്തിനായുള്ള കോടതി നടപടികൾ അവരുടെ ജീവിതകാലത്ത് ആരംഭിച്ചിരിക്കണം.
- മകൾ വീണ്ടും വിവാഹം കഴിക്കുകയോ സ്വന്തമായി വരുമാനം നേടാൻ തുടങ്ങുകയോ ചെയ്താൽ പെൻഷൻ ലഭിക്കില്ല.