NewsThiruvananthapuram

വെഞ്ഞാറമൂട്ടിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചുവിടും, അറിയാം പുതിയ ക്രമീകരണങ്ങൾ

വെഞ്ഞാറമൂട്: ഓണം പ്രമാണിച്ചുള്ള തിരക്ക് രൂക്ഷമായതോടെ വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അധികൃതർ രംഗത്ത്. എംഎൽഎ ഡി.കെ. മുരളിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര അവലോകന യോഗത്തിൽ, നാളെ (ബുധനാഴ്ച) മുതൽ സെപ്റ്റംബർ 10 വരെ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു.

കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും എംസി റോഡിലൂടെ പോകുന്ന വാഹനങ്ങൾ വെഞ്ഞാറമൂട് ജംഗ്ഷനിൽ പ്രവേശിക്കാതെ വഴിതിരിച്ചുവിടും. ഈ വാഹനങ്ങൾ അമ്പലംമുക്ക്-പിരപ്പൻകോട് റോഡ് വഴി പോകേണ്ടതാണ്. വെഞ്ഞാറമൂട് ടൗണിലേക്ക് വരേണ്ട വാഹനങ്ങൾക്കും കെഎസ്ആർടിസി ബസുകൾക്കും മാത്രമേ ജംഗ്ഷനിലേക്ക് പ്രവേശനാനുമതി ഉണ്ടാകൂ.

പുതിയ ക്രമീകരണങ്ങൾ:

  • വാഹനം വഴിതിരിച്ചുവിടൽ: കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ പിരപ്പൻകോട് വഴി തിരിച്ചുപോകണം. കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ടവരും ഈ റോഡ് ഉപയോഗിക്കണം.
  • കെഎസ്ആർടിസി ബസുകൾ: വെഞ്ഞാറമൂട്ടിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകൾ മാത്രമേ ഡിപ്പോയിൽ പ്രവേശിക്കുകയുള്ളൂ. കൊട്ടാരക്കരയിൽ നിന്ന് വരുന്ന ബസുകൾക്ക് സഫാരി ഹോട്ടൽ കഴിഞ്ഞുള്ള സ്ഥലത്തും, തിരുവനന്തപുരത്ത് നിന്ന് വരുന്നവയ്ക്ക് വെഞ്ഞാറമൂട് ഹൈസ്കൂൾ ഗേറ്റിന് സമീപവും താൽക്കാലിക സ്റ്റോപ്പ് അനുവദിക്കും.
  • പാർക്കിംഗ്: യാത്രക്കാർക്കായി നെല്ലനാട് പഞ്ചായത്തിന് പുറകുവശം, ത്രിവേണി സൂപ്പർമാർക്കറ്റിന് സമീപം, ജംഗ്ഷനടുത്തുള്ള സ്വകാര്യ പുരയിടം എന്നിവിടങ്ങളിൽ സൗജന്യ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജംഗ്ഷനിലെ അനധികൃത പാർക്കിംഗ് കർശനമായി നിരോധിക്കും.

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി റോഡരികിലെ തുറന്ന ഓടകൾ അടിയന്തരമായി സ്ലാബിട്ട് മൂടാൻ കെഎസ്ടിപി അധികൃതർക്ക് എംഎൽഎ നിർദേശം നൽകി. ആറ്റിങ്ങൽ ഡിവൈഎസ്പി എസ്. മഞ്ജുലാൽ, വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാം, നെല്ലനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.