InternationalNews

ട്രംപിന്റെ മരുമകനായാൽ ബിസിനസ് ‘ക്ലച്ച്’ പിടിക്കും; ടിഫാനിയുടെ ഭർത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങൾ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനിയെ വിവാഹം കഴിച്ചത്, ഭർത്താവ് മൈക്കിൾ ബൗലോസിന്റെ കുടുംബത്തിന് കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ‘സുവർണ്ണാവസര’മായിരുന്നോ? അതെ എന്നാണ് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2021 ജനുവരിയിൽ ടിഫാനിയും മൈക്കിളും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതിന് തൊട്ടുപിന്നാലെ, ‘ട്രംപ്’ എന്ന പേര് ഉപയോഗിച്ച് ബൗലോസ് കുടുംബം സംശയകരമായ ബിസിനസ് ഇടപാടുകൾക്ക് തുടക്കമിട്ടെന്നാണ് കോടതി രേഖകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

യാച്ച്ട്ട് കച്ചവടത്തിലെ കള്ളക്കളി

വിവാഹനിശ്ചയം കഴിഞ്ഞ് അധികം വൈകാതെയായിരുന്നു ആദ്യത്തെ ഇടപാട്. മൈക്കിളിന്റെ കസിൻ ജിമ്മി ഫ്രാഞ്ചിയുടെ നേതൃത്വത്തിൽ ഒരു ആഡംബര യാച്ച്ട്ട് വാങ്ങുകയും അത് മറിച്ചുവിൽക്കുകയും ചെയ്തു. ഏകദേശം 12 മില്യൺ ഡോളറിന് വാങ്ങിയ യാച്ച്ട്ട്, യഥാർത്ഥ വിലയിൽ നിന്ന് കോടിക്കണക്കിന് രൂപ അധികം ഈടാക്കിയാണ് മറ്റൊരാൾക്ക് വിറ്റത്. ഈ കള്ളക്കളി പുറത്തായതോടെ, ഇടപാട് നടത്തിയവരുമായി ബൗലോസ് കുടുംബത്തിന് നിയമപ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഒടുവിൽ, യാച്ച്ട്ട് തിരികെ വാങ്ങി നഷ്ടപരിഹാരം നൽകിയാണ് കേസ് ഒത്തുതീർത്തത്.

സൗദി ബന്ധവും ‘ട്രംപ്’ വാഗ്ദാനവും

യാച്ച്ട്ട് വിവാദം കെട്ടടങ്ങുന്നതിന് മുൻപേ അടുത്ത വലിയ ഇടപാടിന് കളമൊരുങ്ങി. സൗദി അറേബ്യയിലെ ഒരു പ്രമുഖ വ്യവസായിയുമായിട്ടായിരുന്നു അടുത്ത കച്ചവടം. ട്രംപ് കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ചു തരാം എന്നതായിരുന്നു ബൗലോസ് കുടുംബം മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനം. ഇതിലൂടെ കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നേട്ടമാണ് അവർ ലക്ഷ്യമിട്ടത്.

ട്രംപിന്റെ ഭരണകാലത്ത് കുടുംബവും ബിസിനസ്സും ഭരണവും തമ്മിലുള്ള അതിർവരമ്പുകൾ നേർത്തതായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യം ബൗലോസ് കുടുംബം മുതലെടുക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം. എന്നാൽ, ഈ ബിസിനസ് ഇടപാടുകളുമായി തങ്ങൾക്കോ ടിഫാനിക്കോ യാതൊരു ബന്ധവുമില്ലെന്നും, ബന്ധുവായ ജിമ്മി ഫ്രാഞ്ചിയുമായുള്ള ബന്ധം അവസാനിപ്പിച്ചത് മറ്റൊരു കടം വീട്ടാനാണെന്നും മൈക്കിൾ ബൗലോസിന്റെ വക്താവ് പ്രതികരിച്ചു.