
ടോൾ ഒഴിവാക്കാൻ കുറുക്കുവഴി; വാഴമുട്ടം-തിരുവല്ലം റോഡിൽ ജനം വലയുന്നു, ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നാട്
തിരുവനന്തപുരം: ദേശീയപാതയിലെ തിരുവല്ലം ടോൾ പ്ലാസയിലെ പിരിവ് ഒഴിവാക്കാൻ വാഹനങ്ങൾ ഇടുങ്ങിയ വാഴമുട്ടം-പാച്ചല്ലൂർ-തിരുവല്ലം റോഡിലേക്ക് ഇരച്ചുകയറുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ഭീമൻ ചരക്കുലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നതോടെ ഈ റോഡിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് പതിവായിരിക്കുകയാണ്.
രാവിലെയും വൈകുന്നേരവുമാണ് ഇവിടെ സ്ഥിതി ഏറ്റവും രൂക്ഷമാകുന്നത്. നഗരത്തിലെ സ്കൂളുകളിലേക്കുള്ള ബസുകൾ, കെഎസ്ആർടിസി ബസുകൾ, മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയ്ക്ക് പുറമെ തമിഴ്നാട്ടിലേക്കും തുറമുഖത്തേക്കും പോകുന്ന ഭീമൻ ലോറികളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ടോൾ ഒഴിവാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയുള്ള ഈ പലായനം റോഡിന്റെ ഇരുവശത്തും താമസിക്കുന്നവരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. റോഡ് മുറിച്ചുകടക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
അപകടങ്ങൾ പതിവാകുന്നു
വാഹനങ്ങളുടെ അമിതവേഗവും മറികടക്കാനുള്ള വ്യഗ്രതയും ഈ റൂട്ടിൽ അപകടങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. രോഗികളുമായി പായുന്ന ആംബുലൻസുകൾ പോലും പലപ്പോഴും ഗതാഗതക്കുരുക്കിൽ കുടുങ്ങിപ്പോകുന്നു. ചെറിയൊരു അപകടമുണ്ടായാൽ പോലും മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി സ്തംഭിക്കുന്ന അവസ്ഥയാണ്.
“അധിക ടോൾ ഏർപ്പെടുത്തിയതാണ് ഈ ദുരിതത്തിന് കാരണം. ടിപ്പർ അടക്കമുള്ള വലിയ വാഹനങ്ങൾ ടോൾപ്ലാസ വഴി പോകണമെന്ന് പോലീസ് പലതവണ നിർദേശിച്ചിട്ടും ഫലമുണ്ടായില്ല,” വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി. ബൈജു പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വാഹന നിയന്ത്രണത്തിന് തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.