
പോത്തൻകോട്ട് തെരുവുനായയുടെ വിളയാട്ടം; രണ്ട് കുട്ടികളടക്കം പത്തുപേർക്ക് കടിയേറ്റു, നായയെ തല്ലിക്കൊന്നു
പോത്തൻകോട് (തിരുവനന്തപുരം): തലസ്ഥാനത്ത് വീണ്ടും തെരുവുനായ ഭീതി. പോത്തൻകോട്, മംഗലപുരം പഞ്ചായത്തുകളിലായി രണ്ട് പിഞ്ചുകുട്ടികളടക്കം പത്തുപേരെ തെരുവുനായ കടിച്ചുപരിക്കൽപ്പിച്ചു. തിങ്കളാഴ്ച രാവിലെ തുടങ്ങിയ നായയുടെ ആക്രമണം മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രകോപിതരായ നാട്ടുകാർ വൈകുന്നേരത്തോടെ നായയെ തല്ലിക്കൊന്നു.
കുട്ടികൾക്കും രക്ഷയില്ല; ഗുരുതര പരിക്ക്
രാവിലെ ഏഴുമണിയോടെ മംഗലപുരം പാട്ടം വാർഡിലാണ് ആക്രമണം തുടങ്ങിയത്. വീടിന് മുന്നിൽ പല്ലുതേക്കുകയായിരുന്ന നാലുവയസ്സുകാരി ദക്ഷിണയുടെ മുഖത്തും കയ്യിലും നായ കടിച്ചു. കുട്ടിയെ രക്ഷിക്കാനെത്തിയ മുത്തച്ഛൻ ബാബു പിള്ളയ്ക്കും കടിയേറ്റു. തുടർന്ന് പോത്തൻകോട് കല്ലൂർ വാർഡിലേക്ക് എത്തിയ നായ, പിതാവിനൊപ്പം ബൈക്കിൽ സ്കൂളിലേക്ക് പോകുകയായിരുന്ന ആറുവയസ്സുകാരി ഫാത്തിമയെയും ആക്രമിച്ചു.
കല്ലൂർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സൽമാൻ ഖാസിമിയുടെ മകളാണ് ഫാത്തിമ. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇമാം സൽമാൻ ഖാസിമിയുടെ വിരൽ നായ കടിച്ചു മുറിച്ചു. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ജലജകുമാരി (57), രാജേഷ് (54), ഹമീദ് (64) എന്നിവരുൾപ്പെടെ വഴിയാത്രക്കാരായ നിരവധി പേർക്കും നായയുടെ കടിയേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആവർത്തിക്കുന്ന ദുരന്തം
കഴിഞ്ഞ ജൂലൈ നാലിനും സമാനമായ രീതിയിൽ ഒരു തെരുവുനായ പോത്തൻകോട്ടെ ഇരുപതോളം പേരെ കടിച്ചുപരിക്കേൽപ്പിച്ചിരുന്നു. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.