
പൊൻകുന്നത്ത് ബെവ്‌കോ ഔട്ട്‌ലെറ്റ് തുറന്നു; ആദ്യ കുപ്പി വാങ്ങിയത് ദക്ഷിണ വെച്ച്: യുവാവിൻ്റെ ആഘോഷം വൈറൽ
കോട്ടയം: പൊൻകുന്നത്തെ ബെവ്‌കോ ഔട്ട്‌ലെറ്റ് വീണ്ടും തുറന്നപ്പോൾ ആദ്യ കുപ്പി വാങ്ങിയ യുവാവിൻ്റെ വേറിട്ട ആഘോഷം ശ്രദ്ധേയമായി. ബെവ്‌കോ ഉദ്യോഗസ്ഥന് ദക്ഷിണ നൽകിയാണ് യുവാവ് തൻ്റെ സന്തോഷം പ്രകടിപ്പിച്ചത്.
വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ഔട്ട്‌ലെറ്റ് തിങ്കളാഴ്ച (ഓഗസ്റ്റ് 25) രാവിലെ തുറന്നപ്പോൾ തന്നെ ആദ്യത്തെ ഉപഭോക്താവായി പൊൻകുന്നം സ്വദേശിയായ രഞ്ജു എത്തി. നെറ്റിയിൽ ഭസ്മക്കുറിയണിഞ്ഞ് കൈയിൽ ദക്ഷിണയുമായാണ് രഞ്ജു എത്തിയത്. വെറ്റിലയും അടക്കയും വെച്ച് അതിൽ പണം വെച്ചാണ് അദ്ദേഹം ഉദ്യോഗസ്ഥന് കൈമാറിയത്. കഴിഞ്ഞ വർഷം സാങ്കേതിക കാരണങ്ങളെ തുടർന്ന് അടച്ചുപൂട്ടിയ ഔട്ട്‌ലെറ്റ് വീണ്ടും തുറന്നത് തൻ്റെ പ്രാർത്ഥനയുടെ ഫലമാണെന്ന് രഞ്ജു പറഞ്ഞു.
വർഷങ്ങളോളം ഔട്ട്‌ലെറ്റ് അടഞ്ഞുകിടന്നപ്പോൾ മദ്യം വാങ്ങാൻ പാല, എരുമേലി, പള്ളിക്കത്തോട് എന്നിവിടങ്ങളിലേക്ക് ദീർഘദൂരം യാത്ര ചെയ്യേണ്ടി വന്നിരുന്നതായി ഉദ്ഘാടനത്തിനെത്തിയവർ പറഞ്ഞു. ഇനി ഈ ബെവ്‌കോ ഔട്ട്‌ലെറ്റ് ഒരിക്കലും അടച്ചുപൂട്ടരുതെന്നാണ് തങ്ങളുടെയെല്ലാം ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു. സാധാരണ ടൗണുകളിൽ കാണുന്നതിനേക്കാൾ തിരക്ക് പൊൻകുന്നം ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നിൽ അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു.