SportsTennis

ശരീരം തളർന്നു, നീണ്ട റാലികളിൽ കിതച്ചു; യുഎസ് ഓപ്പണിൽ ജോക്കോവിച്ചിന് വിയർപ്പൻ തുടക്കം

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിന്റെ ആദ്യ റൗണ്ടിൽ സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചിന് വിയർപ്പൻ ജയം. അമേരിക്കൻ യുവതാരം ലേണർ ടിയനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയെങ്കിലും, 38-കാരനായ ജോക്കോവിച്ചിന് കടുത്ത ശാരീരിക വെല്ലുവിളികൾ നേരിടേണ്ടി വന്നു.

ആദ്യ സെറ്റ് വെറും 20 മിനിറ്റിനുള്ളിൽ 6-1ന് അനായാസം നേടിയ ജോക്കോവിച്ച്, രണ്ടാം സെറ്റിൽ ശാരീരികമായി തളരുന്ന കാഴ്ചയാണ് കണ്ടത്. 82 മിനിറ്റ് നീണ്ട രണ്ടാം സെറ്റിൽ നീണ്ട റാലികളിൽ പിടിച്ചുനിൽക്കാൻ അദ്ദേഹം പാടുപെട്ടു. “ആദ്യ സെറ്റിൽ മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാൽ പിന്നീട് എന്തുപറ്റിയെന്ന് എനിക്കറിയില്ല. രണ്ടാം സെറ്റിൽ എന്റെ ശരീരം ഇത്ര മോശമായി പ്രതികരിച്ചത് എന്നെ അത്ഭുതപ്പെടുത്തി,” മത്സരശേഷം ജോക്കോവിച്ച് പറഞ്ഞു.

രണ്ടാം സെറ്റിനിടെ കാലിലെ കുമിളകൾക്ക് ചികിത്സ തേടി ജോക്കോവിച്ച് മെഡിക്കൽ ടൈംഔട്ട് എടുക്കുകയും ചെയ്തു. നിരവധി പിഴവുകൾ വരുത്തിയെങ്കിലും, ടൈബ്രേക്കറിലൂടെ സെറ്റ് 7-6(3)ന് സ്വന്തമാക്കാൻ അദ്ദേഹത്തിനായി. ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിച്ച ജോക്കോവിച്ച്, മൂന്നാം സെറ്റിൽ തന്റെ തനത് ഫോമിലേക്ക് തിരിച്ചെത്തുകയും 6-2ന് സെറ്റും മത്സരവും സ്വന്തമാക്കുകയുമായിരുന്നു.

ഈ വിജയത്തോടെ, ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളുടെ ആദ്യ റൗണ്ടിൽ തുടർച്ചയായി 75 മത്സരങ്ങൾ വിജയിക്കുന്ന ആദ്യ താരമെന്ന റെക്കോർഡും ജോക്കോവിച്ച് സ്വന്തമാക്കി. “രണ്ട് ദിവസത്തെ വിശ്രമമുണ്ട്, ഇതൊരു വലിയ ആശങ്കയായി കാണുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ തന്നെ സക്കറി സ്വജ്ദയാണ് രണ്ടാം റൗണ്ടിൽ ജോക്കോവിച്ചിന്റെ എതിരാളി.