
സർക്കാർ ജീവനക്കാരെയും ജനങ്ങളെയും കൊള്ളയടിക്കുന്നു; കടം അഞ്ചര ലക്ഷം കോടി കവിഞ്ഞു: എൻ ശക്തൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെയും പൊതുജനങ്ങളെയും ഒരുപോലെ കബളിപ്പിക്കുകയും കൊള്ളയടിക്കുകയുമാണെന്ന് മുൻ നിയമസഭാ സ്പീക്കറും തിരുവനന്തപുരം ഡിസിസി പ്രസിഡന്റുമായ എൻ ശക്തൻ ആരോപിച്ചു. ക്ഷാമബത്ത കുടിശ്ശിക വെട്ടിക്കുറച്ചതിലൂടെ സർക്കാർ പിടിച്ചെടുത്ത 127 ദിവസത്തെ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കഴിഞ്ഞ ഒൻപതര വർഷമായി കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരണാതീതമാണ്,” ശക്തൻ പറഞ്ഞു. ഏഴ് ഗഡു ക്ഷാമബത്ത കുടിശ്ശികയുള്ളപ്പോൾ ഒരെണ്ണം മാത്രം നൽകി അതിനെ ഓണസമ്മാനമായി സർക്കാർ വിശേഷിപ്പിക്കുന്നത് ജീവനക്കാരെ പരിഹസിക്കുന്നതിന് തുല്യമാണ്. ആറ് ഗഡുക്കൾ, അതായത് 18%, ഇപ്പോഴും കുടിശ്ശികയാണെന്നും പി.എഫിൽ ലയിപ്പിച്ച തുക പോലും തിരികെ നൽകാതെ സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ചും അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു. “60 വർഷം കൊണ്ട് മാറിമാറി വന്ന സർക്കാരുകൾ സംസ്ഥാനത്തിന് വരുത്തിവെച്ച കടം 1,65,000 കോടി രൂപയാണ്. എന്നാൽ ഈ സർക്കാരിന്റെ കാലാവധി അവസാനിക്കാൻ എട്ട് മാസം ബാക്കി നിൽക്കെ, സംസ്ഥാനത്തിന്റെ കടം അഞ്ചര ലക്ഷം കോടി രൂപയായി വർധിച്ചു. ഏകദേശം നാല് ലക്ഷം കോടി രൂപയാണ് ഈ സർക്കാർ മാത്രം കടം വാങ്ങിയത്,” ശക്തൻ ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ ദൈനംദിന ഭരണത്തിലും അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു. ദുരിതാശ്വാസ നിധിയിലെ പണം പോലും അർഹർക്ക് നൽകാതെ വകമാറ്റി ചെലവഴിക്കുന്നു. നിത്യോപയോഗ സാധനങ്ങൾക്ക് ചരിത്രത്തിലില്ലാത്ത വിധം വില വർധിച്ചു. ഭരണം നടത്തുന്നത് ജനങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് പാർട്ടിക്ക് വേണ്ടിയാണെന്നും സിപിഎം പ്രവർത്തകർക്ക് എല്ലാ ആനുകൂല്യങ്ങളും വാരിക്കോരി നൽകുമ്പോൾ സാധാരണക്കാർ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
“പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ നിന്ന് പോലും കൈയിട്ട് വാരി സമ്പന്നർക്ക് നൽകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഒരു മന്ത്രി മാത്രം സർക്കാരിന്റെ പകുതിയോളം പദ്ധതി തുക കൈകാര്യം ചെയ്യുകയാണ്. മറ്റ് മന്ത്രിമാർക്ക് വകുപ്പുകളിൽ പണമില്ലാത്ത അവസ്ഥയാണ്,” പേരെടുത്തു പറയാതെ അദ്ദേഹം വിമർശിച്ചു. 18 കോടി രൂപയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത സർക്കാർ, വിധവകൾക്കും പാവപ്പെട്ടവർക്കുമുള്ള തുച്ഛമായ പെൻഷൻ പോലും നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, എസ് പ്രദീപ് കുമാർ, ബി നൗഷാദ്, സി ഡി ശ്രീനിവാസ്, വി എ ബിനു തുടങ്ങിയ വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു.