
കെഎസ്ഇബിയില്‍ 7% ക്ഷാമബത്ത അനുവദിക്കാൻ ശുപാർശ, ഒക്ടോബറിലെ ശമ്പളത്തിനൊപ്പം ലഭിച്ചേക്കും
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസവാർത്ത. രണ്ട് ഗഡുക്കളായി 7% ക്ഷാമബത്ത (Dearness Allowance – DA) അനുവദിക്കാൻ കെഎസ്ഇബി ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു. സർക്കാർ പ്രതിനിധികൾ ഉൾപ്പെടുന്ന പൂർണ്ണ ഡയറക്ടർ ബോർഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും.
ഒക്ടോബർ മാസം മുതലുള്ള ശമ്പളത്തിലും പെൻഷനിലുമാകും പുതിയ വർധനവ് ഉൾപ്പെടുത്തുക. ഡയറക്ടർ ബോർഡ് തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഈ വർധന നടപ്പായാലും ജീവനക്കാർക്ക് ഇനിയും 16% ഡിഎ കുടിശ്ശികയായി ലഭിക്കാനുണ്ട്.
നേരത്തെ അനുവദിച്ച മൂന്ന് ശതമാനം ഡിഎയുടെ കുടിശ്ശിക വിതരണം ചെയ്യാൻ കോടതി ഉത്തരവുണ്ടെങ്കിലും ഇത് ഇനിയും നൽകിയിട്ടില്ല. അതേസമയം, പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസ (Dearness Relief – DR) കുടിശ്ശിക ഒക്ടോബർ മുതൽ 10 ഗഡുക്കളായി വിതരണം ചെയ്യാനും ധാരണയായിട്ടുണ്ട്. പുതിയതായി ശുപാർശ ചെയ്ത 7% വർധന ജീവനക്കാർക്കും പെൻഷൻകാർക്കും ഒരുപോലെ ആശ്വാസം പകരുന്നതാണ്.