
കൊച്ചി: നഗരത്തിന്റെ ഗതാഗതക്കുതിപ്പിന് കരുത്തേകുന്ന നിർണായക ചുവടുവെപ്പുമായി കൊച്ചി മെട്രോ. ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള മെട്രോയുടെ മൂന്നാം ഘട്ട പാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനുള്ള നടപടികൾക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) തുടക്കം കുറിച്ചു.
ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കൺസൾട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനാണ് 1.3 കോടി രൂപയുടെ ഡിപിആർ തയ്യാറാക്കാനുള്ള കരാർ നൽകിയിരിക്കുന്നത്. ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു.
“മെട്രോ അങ്കമാലി വരെ നീട്ടണമെന്നും വിമാനത്താവളവുമായി ബന്ധിപ്പിക്കണമെന്നുമുള്ള ദീർഘകാല ആവശ്യം യാഥാർത്ഥ്യമാക്കുന്നതിന്റെ ആദ്യപടിയാണിത്,” കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. “ലോകോത്തര യാത്രാ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതിയിൽ പൊതുജനങ്ങളുടെ നിർദ്ദേശങ്ങളും ആശയങ്ങളും സ്വീകരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
പാത ഇങ്ങനെ
പ്രാഥമിക രൂപരേഖ അനുസരിച്ച്, ആലുവയിൽ നിന്ന് ദേശീയപാത 544 വഴി ആക്കപ്പറമ്പിന് സമീപം വരെ എത്തുന്ന പാത, അവിടെ നിന്ന് കാരിയാട്-എയർപോർട്ട്-മറ്റൂർ റോഡിലൂടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. വിമാനത്താവളത്തിൽ നിന്ന് അങ്കമാലി-എയർപോർട്ട് റോഡിലൂടെ എംസി റോഡ് വഴി അങ്കമാലിയിലേക്ക് പ്രവേശിക്കും.
ഡിപിആർ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിശദമായ ഫീൽഡ് സർവേകളും എഞ്ചിനീയറിംഗ് പഠനങ്ങളും നടത്തും. ഇതിലൂടെ മൂന്നാം ഘട്ടത്തിന്റെ കൃത്യമായ ദൂരം, അലൈൻമെന്റ്, സ്റ്റേഷനുകളുടെ എണ്ണം, സ്ഥാനം എന്നിവ അന്തിമമായി തീരുമാനിക്കും. 2024-ൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ഡിപിആർ തയ്യാറാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയതോടെയാണ് പദ്ധതിക്ക് വേഗം കൈവന്നത്.