
പെൻഷൻകാർക്ക് നഷ്ടപ്പെടുന്നത് 95076 രൂപ വരെ! 38 മാസത്തെ ഡി.ആർ കുടിശിക നിഷേധിച്ചതോടെയുള്ള നഷ്ടം ഇങ്ങനെ
തിരുവനന്തപുരം: കുടിശിക നിഷേധിച്ച് 3 ശതമാനം ക്ഷാമ ആശ്വാസം അനുവദിച്ച കെ.എൻ. ബാലഗോപാലിന്റെ നടപടിയിലൂടെ പെൻഷൻകാർക്ക് ഉണ്ടായത് കനത്ത നഷ്ടം.
38 മാസത്തെ ക്ഷാമ ആശ്വാസ (Dearness Relief – DR) കുടിശിക നിഷേധിച്ച ബാലഗോപാലിന്റെ നടപടിയിലൂടെ 13,110 രൂപ മുതല്‍ 95,076 രൂപ വരെയാണ് പെൻഷൻകാർക്ക് നഷ്ടപ്പെടുന്നത്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ജുഡീഷ്യല്‍ ഓഫീസേഴ്സ്, പി എസ് . സി ചെയർമാൻ, അംഗങ്ങൾ ഇവർക്കെല്ലാം ക്ഷാമബത്ത / ക്ഷാമആശ്വാസം അനുവദിക്കുമ്പോള്‍ കുടിശിക പണമായി നല്‍കുന്ന ബാലഗോപാല്‍ സാധാരണ പെൻഷൻകാരുടെ കാര്യം വരുമ്പോള്‍ കുടിശിക നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്.
2022 ജൂലൈ മുതൽ ലഭിക്കേണ്ട 38 മാസത്തെ കുടിശികയാണ് നിഷേധിച്ചത്. 1.50 ലക്ഷം പെൻഷൻകാരാണ് കഴിഞ്ഞ നാല് വർഷത്തിനിടയിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെ മരണപ്പെട്ടത്. മിനിമം പെൻഷൻ 11,500 രൂപയും മാക്‌സിമം പെൻഷൻ 83,400 രൂപയുമാണ് പെൻഷൻകാർക്ക് ലഭിക്കുന്നത്.
അർഹതപ്പെട്ട 3 ശതമാനം ഡി.ആർ കുടിശിക (38 മാസത്തെ) നിഷേധിച്ചതിലൂടെ ഓരോ പെൻഷൻകാരനും നഷ്ടപ്പെട്ട തുക കണ്ട് പിടിക്കുന്നതിങ്ങനെ ( അടിസ്ഥാന പെൻഷൻ x 0.03 x 38). അടിസ്ഥാന പെൻഷൻ വ്യത്യാസപ്പെടുന്നത് അനുസരിച്ച് നഷ്ടത്തിന്റെ തോതിലും മാറ്റമുണ്ടാകും.
അടിസ്ഥാന പെൻഷൻ | 38 മാസത്തെ ഡി.ആർ കുടിശിക നഷ്ടം (രൂപയിൽ) |
11500 | 13110 |
15000 | 17100 |
20000 | 22800 |
25000 | 28500 |
30000 | 34200 |
35000 | 39900 |
40000 | 45600 |
45000 | 51300 |
50000 | 57000 |
55000 | 62700 |
60000 | 68400 |
65000 | 74100 |
70000 | 79800 |
75000 | 85500 |
80000 | 91200 |
83400 | 95076 |