
Kerala Government NewsNews
സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അഡ്വാൻസും വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഓണം പ്രമാണിച്ച് വർധിപ്പിച്ച ബോണസും ഉത്സവബത്തയും പ്രഖ്യാപിച്ച് സർക്കാർ. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാർക്കും തൊഴിലാളികൾക്കും പ്രയോജനം ലഭിക്കുന്നതാണ് പുതിയ തീരുമാനം. ബോണസ് 500 രൂപയും, ഉത്സവബത്ത 250 രൂപയും വർധിപ്പിച്ചു.
പ്രധാന വർധനവുകൾ ഇങ്ങനെ:
- ബോണസ്: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ഓണം ബോണസ് 4000 രൂപയിൽ നിന്ന് 4500 രൂപയായി ഉയർത്തി. 500 രൂപയുടെ വർധന.
- ഉത്സവബത്ത: ബോണസിന് അർഹതയില്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽ നിന്ന് 3000 രൂപയാക്കി വർധിപ്പിച്ചു.
- പെൻഷൻകാർക്ക്: സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ചവർക്കുമുള്ള പ്രത്യേക ഉത്സവബത്ത 1000 രൂപയിൽ നിന്ന് 1250 രൂപയായി ഉയർത്തി.
- ഓണം അഡ്വാൻസ്: എല്ലാ സർക്കാർ ജീവനക്കാർക്കും പലിശരഹിത ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ജീവനക്കാർക്ക് 6000 രൂപയാണ് അഡ്വാൻസ്.
കഴിഞ്ഞ വർഷം ആനുകൂല്യം ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗക്കാർക്കും ഇത്തവണ വർധിപ്പിച്ച നിരക്കിൽ ഉത്സവബത്ത ലഭിക്കും. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തിലും ജീവനക്കാരുടെ ഓണം സന്തോഷത്തോടെ ആഘോഷിക്കുന്നതിനാണ് സർക്കാർ ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ധനവകുപ്പ് അറിയിച്ചു.