
ക്ഷാമബത്ത കുടിശ്ശിക നൽകാതെ സർക്കാർ കൊള്ളയടിക്കുന്നുവെന്ന് ആക്ഷൻ കൗൺസിൽ; ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് മാർച്ച്
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ നൽകാതെ എൽഡിഎഫ് സർക്കാർ കൊടിയ കൊള്ള നടത്തുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. 2019 ജനുവരി മുതൽ നൽകേണ്ട ഡി.എ. കുടിശ്ശിക സർക്കാർ കവർന്നെടുത്തെന്നും, ഇത് 127 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുകയാണെന്നും കൗൺസിൽ നേതാക്കൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കവർന്നെടുത്ത ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 68 മാസത്തെ ഡി.എ. കുടിശ്ശികയാണ് ജീവനക്കാർക്ക് നഷ്ടമായതെന്ന് ആക്ഷൻ കൗൺസിൽ കണക്കുകൾ നിരത്തി ആരോപിക്കുന്നു. കുടിശ്ശിക പി.എഫിൽ ലയിപ്പിക്കുന്നതിന് പകരം സർക്കാർ തട്ടിയെടുത്തു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 154 മാസത്തെ കുടിശ്ശികയാണ് മുൻകാല പ്രാബല്യം ഇല്ലാതാക്കി കവർന്നതെന്നും അവർ ആരോപിച്ചു.
ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മാത്രം 97,290 രൂപയും, ഉയർന്ന ശമ്പളമുള്ളയാൾക്ക് 7,05,564 രൂപയുമാണ് നഷ്ടമായതെന്നും ഇത് വലിയ കൊള്ളയാണെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പറഞ്ഞു.
സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചമാണെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും അവകാശപ്പെടുമ്പോൾ, ജീവനക്കാരിൽ നിന്ന് കവർന്നെടുത്ത പണം ഉടൻ തിരികെ നൽകാൻ സർക്കാർ തയ്യാറാകണമെന്ന് വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ എന്നിവയുടെ ഭാരവാഹികളും സംയുക്ത പ്രസ്താവനയിൽ ഈ ആവശ്യം ഉന്നയിച്ചു.