InternationalNews

യുഎസിന്റെ 50% താരിഫ് ഭീഷണി; സമ്മർദ്ദം ശക്തമാക്കി ഇന്ത്യ, ട്രംപിന്റെ വിശ്വസ്തർ കളത്തിൽ

വാഷിംഗ്ടൺ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50% ഇറക്കുമതി തീരുവ (താരിഫ്) ചുമത്താനുള്ള അമേരിക്കൻ നീക്കം പ്രാബല്യത്തിൽ വരാനിരിക്കെ, നയതന്ത്ര സമ്മർദ്ദം ശക്തമാക്കി ഇന്ത്യ. ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും 2020-ലെ ട്രംപ് ട്രാൻസിഷൻ ടീമിലെ പ്രമുഖനുമായ ബ്രയാൻ ലാൻസയുടെ നേതൃത്വത്തിലുള്ള രണ്ടാമതൊരു ലോബിയിംഗ് സ്ഥാപനത്തെ കൂടി ഇന്ത്യ വാഷിംഗ്ടണിൽ നിയമിച്ചു.

‘മെർക്കുറി പബ്ലിക് അഫയേഴ്സ്’ എന്ന സ്ഥാപനവുമായി ഓഗസ്റ്റ് 15 മുതൽ മൂന്ന് മാസത്തേക്കാണ് കരാർ. പ്രതിമാസം 75,000 ഡോളർ (ഏകദേശം 65 ലക്ഷം രൂപ) ആണ് ഫീസ്. ഫെഡറൽ ലോബിയിംഗ്, മാധ്യമങ്ങളുമായുള്ള ബന്ധം, ഡിജിറ്റൽ ഓഡിറ്റ്, സോഷ്യൽ മീഡിയ സ്ട്രാറ്റജി എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന ചുമതലകൾ. ട്രംപിന്റെ മുൻ ഉപദേഷ്ടാക്കളെ നിയമിക്കുന്നതിലൂടെ, അമേരിക്കൻ ഭരണകൂടത്തിൽ ശക്തമായ സ്വാധീനം ചെലുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ട്രംപിന്റെ 2016-ലെയും 2020-ലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ബ്രയാൻ ലാൻസ. സ്ഥാപനത്തിലെ മറ്റൊരു പ്രമുഖൻ മുൻ ലൂസിയാന സെനറ്ററായ ഡേവിഡ് വിറ്ററാണ്. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ-അമേരിക്കൻ വംശജനായ കെവിൻ തോമസും സംഘത്തിലുണ്ട്.

ഈ വർഷം ഏപ്രിലിൽ, ട്രംപിന്റെ മറ്റൊരു സഹായിയായ ജേസൺ മില്ലറുടെ ‘എസ്എച്ച്ഡബ്ല്യു പാർട്ണേഴ്സ്’ എന്ന സ്ഥാപനത്തെ ഇന്ത്യ ഒരു വർഷത്തേക്ക് നിയമിച്ചിരുന്നു. പ്രതിമാസം 1.5 ലക്ഷം ഡോളറാണ് (ഏകദേശം 1.3 കോടി രൂപ) ഈ സ്ഥാപനത്തിനുള്ള ഫീസ്. ഇതിനുപിന്നാലെയാണ് പുതിയ നിയമനം. ലോബിയിംഗ് രംഗത്ത് പാകിസ്ഥാൻ ഇന്ത്യയെ മറികടക്കുന്നുവെന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് ഇന്ത്യയുടെ ഈ നീക്കം. ട്രംപിന്റെ മുൻ അംഗരക്ഷകന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തെയാണ് പാകിസ്ഥാൻ നിയമിച്ചിരുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആശങ്കകൾ ഇന്ത്യ ഗൗരവമായി കാണണമെന്ന് റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ത്യയുടെ പുതിയ നയതന്ത്ര നീക്കങ്ങൾ.