
രജനികാന്തിന്റെ ‘കൂലി’ക്ക് തിരിച്ചടി; 1000 കോടി ക്ലബ്ബ് സ്വപ്നം പൊലിഞ്ഞു, വിതരണക്കാർക്ക് നഷ്ടം?
സിനിമ ലോകം ആകാംഷയോടെ കാത്തിരുന്ന രജനികാന്ത്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ പിറന്ന ‘കൂലി’ എന്ന ചിത്രം ബോക്സ് ഓഫീസിൽ തിരിച്ചടി നേരിടുന്നു. തമിഴ് സിനിമയിൽ ഒരുപിടി റെക്കോർഡുകളോടെയാണ് ചിത്രം പ്രദർശനമാരംഭിച്ചത്. എന്നാൽ, ആദ്യ ദിവസങ്ങളിലെ വൻ കളക്ഷൻ നിലനിർത്താൻ ചിത്രത്തിന് പിന്നീട് സാധിച്ചില്ല. കളക്ഷൻ കുത്തനെ ഇടിഞ്ഞതോടെ 1000 കോടി ക്ലബ്ബിൽ ഇടം നേടുമെന്ന പ്രതീക്ഷകൾ അസ്ഥാനത്തായി.
റിപ്പോർട്ടുകൾ പ്രകാരം, ‘കൂലി’ ഇതുവരെ 450 കോടി രൂപയോളം മാത്രമാണ് ഗ്രോസ് കളക്ഷൻ നേടിയത്. ചിത്രം 500 കോടിയിൽ താഴെയായിരിക്കും ലൈഫ് ടൈം കളക്ഷൻ നേടുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതോടെ 2.0, ലിയോ, ജയിലർ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിലാകും ‘കൂലി’യുടെ സ്ഥാനം. പ്രധാന മേഖലകളിലെ വിതരണക്കാർക്ക് നഷ്ടം നേരിടേണ്ടി വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലോകേഷ് കനകരാജിന്റെ കരിയറിലെ ആദ്യത്തെ വലിയ വാണിജ്യപരമായ തിരിച്ചടിയാണ് ‘കൂലി’. ‘ലിയോ’ സാമ്പത്തികമായി ലാഭമുണ്ടാക്കിയെങ്കിലും, ‘ലിയോ’യും ‘കൂലി’യും സംവിധായകന്റെ പ്രശസ്തിക്ക് മങ്ങലേൽപ്പിച്ചു. സൈബർ ഇടങ്ങളിൽ ട്രോളുകൾ നിറയുമ്പോൾ, തന്റെ കഴിവ് വീണ്ടും തെളിയിക്കാൻ ലോകേഷ് കനകരാജിന് ശക്തമായ ഒരു തിരിച്ചുവരവ് അനിവാര്യമാണ്.