
ഒരു ഗഡു ക്ഷാമബത്ത ഓണസമ്മാനമല്ല, വഞ്ചനയുടെ തുടർച്ച; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം: ഏഴ് ഗഡു ക്ഷാമബത്ത (ഡിഎ) കുടിശ്ശികയുള്ളപ്പോൾ ഒരെണ്ണം മാത്രം അനുവദിച്ച് സർക്കാർ ജീവനക്കാരെ വീണ്ടും വഞ്ചിച്ചിരിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ഒൻപത് വർഷമായി തുടരുന്ന വഞ്ചനയുടെ ചരിത്രമാണ് ഇടതുമുന്നണി സർക്കാർ ആവർത്തിക്കുന്നതെന്നും ഇത് ഓണസമ്മാനമല്ല, ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കലാണെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് ഇർഷാദ് ആരോപിച്ചു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് 51 മാസം പിന്നിടുമ്പോൾ, ഇതുൾപ്പെടെ ആകെ നാല് ഗഡു ഡിഎ മാത്രമാണ് അനുവദിച്ചത്. കുടിശ്ശികയൊന്നും നൽകിയിട്ടുമില്ല. 2022 ജൂലൈ 1 മുതൽ ജീവനക്കാർക്ക് അർഹതപ്പെട്ട ക്ഷാമബത്ത, 37 മാസത്തെ കാലതാമസത്തിന് ശേഷമാണ് ഇപ്പോൾ അനുവദിക്കുന്നത്. മുൻകാല അനുഭവങ്ങൾ വെച്ച്, ഈ ഡിഎ ഗഡുവിന് മുൻകാല പ്രാബല്യമില്ലാതെ കുടിശ്ശിക പൂർണ്ണമായും സർക്കാർ റദ്ദാക്കുമെന്നും നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.
“2022-ലെ ഓണത്തിന് നൽകേണ്ടിയിരുന്ന ക്ഷാമബത്ത, നാലാമത്തെ ഓണത്തിന് മുൻപ് കുടിശ്ശിക മുഴുവൻ ഇല്ലാതാക്കി നൽകുമ്പോൾ അതിനെ സമ്മാനമെന്നല്ല, കടം വീട്ടൽ എന്ന് പോലും പറയാനാവില്ല. ഇത് ജീവനക്കാരോടുള്ള ദയാവധത്തിന് തുല്യമാണ്,” ആക്ഷൻ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
ജീവനക്കാർക്ക് നഷ്ടം പ്രതിമാസം 30,000 രൂപ വരെ
ഇനിയും ആറ് ഗഡുക്കളായി 18% ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ഇത് നൽകാത്തത് വഴി ഓരോ ജീവനക്കാരനും പ്രതിമാസം 4,140 രൂപ മുതൽ 30,024 രൂപ വരെയാണ് ശമ്പളത്തിൽ നഷ്ടം വരുന്നത്. ഇത് അഞ്ചിലൊന്ന് ശമ്പളം നിഷേധിക്കുന്നതിന് തുല്യമാണ്. രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, അതേസമയം ഏറ്റവും കൂടുതൽ ഡിഎ കുടിശ്ശികയുള്ളതും ഇവിടെത്തന്നെയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ബാക്കിയുള്ള ആറ് ഗഡു ഡിഎയും ശമ്പള പരിഷ്കരണ കുടിശ്ശികയും അടിയന്തരമായി അനുവദിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്. പ്രദീപ് കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ് മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് ഷിബു ജോസഫ് തുടങ്ങിയവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.