Kerala Government NewsNews

ഓണസമ്മാനമെന്ന് കെ.എൻ. ബാലഗോപാൽ; ക്ഷാമബത്തയെ ചൊല്ലി തർക്കം, ഇത് 2022-ൽ കിട്ടേണ്ടത്: ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 3 ശതമാനം ക്ഷാമബത്ത അനുവദിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ വിമർശനം. ക്ഷാമബത്തയെ ഓണസമ്മാനമായി വിശേഷിപ്പിച്ചതാണ് തർക്കങ്ങൾക്ക് വഴി വെച്ചത്. 2022 ജൂലൈ മാസത്തിൽ ലഭിക്കേണ്ട ക്ഷാമബത്തയാണ് ഇപ്പോൾ, 37 മാസങ്ങൾക്ക് ശേഷം അനുവദിച്ചിരിക്കുന്നതെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. അതേസമയം, സർക്കാരിന്റെ ഈ തീരുമാനത്തെ ഭരണപക്ഷ സർവീസ് സംഘടനയായ കേരള എൻ.ജി.ഓ യൂണിയൻ സ്വാഗതം ചെയ്തു.

​ധനമന്ത്രി കെ.എൻ. ബാലഗോപാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ഓണസമ്മാനമായി 3% ക്ഷാമബത്ത/ക്ഷാമശ്വാസം (ഡി.എ/ഡി.ആർ) അനുവദിച്ചതായി അറിയിച്ചത്. പുതുക്കിയ ശമ്പളവും പെൻഷനും സെപ്റ്റംബർ ഒന്നിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

​എന്നാൽ, ഈ പ്രസ്താവനക്കെതിരെ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പ്രസിഡണ്ട് എം.എസ്. ഇർഷാദ് ഫേസ്ബുക്കിൽ വിമർശനവുമായി രംഗത്തെത്തി. “2022 ജൂലൈ മാസത്തിൽ കിട്ടേണ്ടത്; കിട്ടുന്നത് 2025 സെപ്റ്റംബറിൽ; വൈകിയത് 37 മാസം; കുടിശ്ശിക കിട്ടില്ല; എങ്കിലും സമ്മാനമാണത്രേ! സമ്മാനം!!! ജോലിക്കൂലി പിടിച്ചു വച്ച ശേഷം നിവൃത്തിയില്ലാതെ ചെറിയൊരു അംശം അനുവദിക്കുന്നത് സമ്മാനമോ?” എന്ന് അദ്ദേഹം പരിഹസിച്ചു.

​മലയാളം മീഡിയ ലൈവ് നടത്തിയ അന്വേഷണത്തിൽ ധനമന്ത്രിയുടെ പ്രസ്താവനയിലെ വാസ്തവങ്ങൾ പുറത്തുവന്നു. “ഇപ്പോൾ അനുവദിച്ച 3 ശതമാനം ക്ഷാമബത്ത 2022 ജൂലൈ 1-ന് ലഭിക്കേണ്ടതാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2022, 2023, 2024 എന്നീ മൂന്ന് വർഷങ്ങളിലെ ഓണം കഴിഞ്ഞതിന് ശേഷം നാലാം വർഷത്തെ ഓണത്തിന് നൽകിയ ഈ തുകയെ ‘ഓണസമ്മാനം’ എന്ന് വിശേഷിപ്പിച്ചത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമാകുന്നു”.