News

രാജിവെക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; എംഎൽഎ സ്ഥാനത്ത് തുടരും

അടൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരും. രാജിയെക്കുറിച്ച് ആലോചിക്കുന്നുപോലുമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. വിവാദങ്ങളിൽ ഉടൻ തന്നെ മാധ്യമങ്ങളെ നേരിൽ കണ്ട് നിലപാട് വ്യക്തമാക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിലവിൽ അടൂരിലെ വീട്ടിലുള്ള രാഹുൽ, കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നിർണായക തീരുമാനത്തിലെത്തിയത്.

യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞെങ്കിലും, എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ എംപി എന്നിവരെല്ലാം രാഹുൽ എംഎൽഎയായി തുടരണമെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. രാഹുലിനെതിരെ പോലീസിലോ പാർട്ടി ഘടകങ്ങളിലോ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല എന്നതാണ് ഈ നിലപാടിന് പ്രധാന കാരണം.

മുൻപ് സമാനമായ ആരോപണങ്ങൾ ഉയർന്നപ്പോൾ യുഡിഎഫിലെയും എൽഡിഎഫിലെയും സാമാജികർ രാജിവെക്കാത്ത കീഴ്‌വഴക്കവും കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, വരും ദിവസങ്ങളിൽ കൂടുതൽ പരാതികളോ ശക്തമായ തെളിവുകളോ പുറത്തുവന്നാൽ സ്ഥിതിഗതികൾ മാറാമെന്നും കടുത്ത നടപടികളിലേക്ക് കടക്കാൻ പാർട്ടി നിർബന്ധിതമായേക്കുമെന്നും ഒരു വിഭാഗം നേതാക്കൾക്ക് ആശങ്കയുണ്ട്.

വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ വിവാദം എൽഡിഎഫും ബിജെപിയും വലിയ രാഷ്ട്രീയ പ്രചരണായുധമാക്കുമെന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്