
ബെവ്‌കോ ഓണം ബോണസ് സർക്കാർ ജീവനക്കാരേക്കാൾ 25 ഇരട്ടി! സർക്കാരിന്റെ അവസാന ഓണം , ബോണസ് കൂട്ടുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഓണം ബോണസ് പ്രഖ്യാപിക്കാനിരിക്കെ, ബെവ്‌കോ ജീവനക്കാർക്ക് ലഭിച്ചത് സർക്കാർ ജീവനക്കാരുടെ 25 ഇരട്ടിയോളം വരുന്ന ബോണസ്. ബെവ്‌കോ ജീവനക്കാർക്ക് ഈ ഓണത്തിന് 1,02,500 രൂപ ബോണസായി ലഭിക്കും. എന്നാൽ, കഴിഞ്ഞ വർഷം സർക്കാർ ജീവനക്കാർക്ക് ലഭിച്ചത് 4,000 രൂപ മാത്രമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗം ജീവനക്കാർക്ക് മാത്രമാണ് ഈ തുക ലഭിച്ചത്.
37,129 രൂപയോ അതിൽ കുറവോ ആകെ വേതനമുള്ള ജീവനക്കാർക്ക് മാത്രമാണ് കഴിഞ്ഞ വർഷം 4,000 രൂപ ബോണസായി ലഭിച്ചത്. ഇതിൽ കൂടുതൽ ശമ്പളമുള്ളവർക്ക് 2,750 രൂപ പ്രത്യേക ഉത്സവബത്തയായി നൽകി. കൂടാതെ, പെൻഷൻകാർക്ക് 1,000 രൂപയാണ് ഉത്സവബത്തയായി അനുവദിച്ചത്. എല്ലാ സർക്കാർ ജീവനക്കാർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി നൽകണമെന്ന ആവശ്യം ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ ഉന്നയിച്ചിരുന്നെങ്കിലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ ആവശ്യം പരിഗണിച്ചില്ല.
കഴിഞ്ഞ വർഷം 20,000 രൂപയായിരുന്ന ഓണം അഡ്വാൻസ് ഈ വർഷം 25,000 രൂപയായി ഉയർത്തിയേക്കും എന്നും സൂചനകളുണ്ട്. ഈ തുക 5 തവണകളായി തിരിച്ചടയ്‌ക്കേണ്ടി വരും. തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്നതിനാൽ സർക്കാർ ജീവനക്കാരുടെ ഓണം ബോണസിൽ ചെറിയ വർധനവ് ഉണ്ടാകുമെന്നാണ് സൂചന. സർക്കാരിൻ്റെ കാലാവധി അവസാനിക്കുന്നതിന് മുൻപുള്ള അവസാനത്തെ ഓണമായതിനാൽ ബോണസ് വർധനവിൽ ജീവനക്കാർ വലിയ പ്രതീക്ഷയിലാണ്.