Kerala Government NewsNews

ക്ഷാമബത്ത 3 ശതമാനം അനുവദിച്ചു! ജീവനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: ഓണക്കാലത്തിന് മുന്നോടിയായി സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ആശ്വാസമായി ഒരു ഗഡു ക്ഷാമബത്തയും (ഡിഎ) ക്ഷാമാശ്വാസവും (ഡിആർ) അനുവദിച്ച് സർക്കാർ. 3 ശതമാനം ക്ഷാമബത്തയാണ് അനുവദിച്ചത്. സെപ്റ്റംബർ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തിനോടൊപ്പം പുതിയ ഡി.എ ലഭിക്കും. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബർ ഒന്നാം തീയതി വിതരണം ചെയ്യുന്ന ശമ്പളത്തിലും പെൻഷനിലുമുൾപ്പെടെ വർദ്ധിപ്പിച്ച ആനുകൂല്യം ലഭ്യമായിത്തുടങ്ങും.

സംസ്ഥാന സർവീസിലെ ജീവനക്കാർക്കും അധ്യാപകർക്കും പുറമെ, സർവീസ് പെൻഷൻകാർക്കും പുതിയ വർദ്ധനവിന്റെ പ്രയോജനം ലഭിക്കും. യുജിസി, എഐസിടിഇ, മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ അധ്യാപകർ എന്നിവർക്കും ഡിഎ, ഡിആർ വർദ്ധനവ് ബാധകമാണ്. ഈ തീരുമാനം നടപ്പിലാക്കുന്നതിലൂടെ സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ജീവനക്കാരോടും പെൻഷൻകാരോടുമുള്ള പ്രതിബദ്ധത സർക്കാർ തുടരുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇത് രണ്ടാം തവണയാണ് സർക്കാർ ക്ഷാമബത്ത അനുവദിക്കുന്നത്. കഴിഞ്ഞ വർഷവും രണ്ട് ഗഡുക്കൾ അനുവദിച്ചിരുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും, രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ പൂർണ്ണമായി നടപ്പിലാക്കുകയും 2021-22 സാമ്പത്തിക വർഷം മുതൽ ഡിഎ പണമായി നൽകിത്തുടങ്ങുകയും ചെയ്തിരുന്നതായും മന്ത്രിയുടെ ഓഫീസ് ഓർമ്മിപ്പിച്ചു.