
ന്യൂഡൽഹി: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വെഗോവി (Wegovy), മൗൻജാരോ (Mounjaro) തുടങ്ങിയ പുതിയ ഇനം മരുന്നുകൾ ഡോക്ടർമാരുടെ മേൽനോട്ടമില്ലാതെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ).
വിദഗ്ദ്ധരായ എൻഡോക്രൈനോളജിസ്റ്റുകളോ ഡയബറ്റോളജിസ്റ്റുകളോ മാത്രം നിർദ്ദേശിക്കേണ്ട ഈ മരുന്നുകൾ, സൗന്ദര്യവർദ്ധക രംഗത്തുള്ളവരും മറ്റ് ചികിത്സാമേഖലയിലുള്ളവരും യാതൊരു നിയന്ത്രണവുമില്ലാതെ കുറിച്ചുകൊടുക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ഐഎംഎ.
ഈ മരുന്നുകളുടെ വിൽപ്പനയ്ക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ ഉടൻ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ഡ്രഗ് കൺട്രോളർക്കും ഔദ്യോഗികമായി കത്തെഴുതും. “ഇവ പുതിയ തരം മരുന്നുകളാണ്, അവയുടെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് നമുക്ക് പൂർണ്ണമായ അറിവില്ല. അതിനാൽ, വിദഗ്ദ്ധ ഡോക്ടർമാരുടെ കൃത്യമായ കുറിപ്പടിയില്ലാതെ ഇവ ലഭ്യമാക്കരുതെന്നാണ് ഞങ്ങളുടെ നിലപാട്,” ഡോ. ഭാനുശാലി വ്യക്തമാക്കി.
ദുരുപയോഗം ചെയ്യുന്നത് കോസ്മെറ്റോളജിസ്റ്റുകൾ വരെ
ചർമ്മരോഗ വിദഗ്ദ്ധർ, കോസ്മെറ്റോളജിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ, എന്തിന് ആയുർവേദ, ഹോമിയോ ഡോക്ടർമാർ പോലും ഈ മരുന്നുകൾ യഥേഷ്ടം കുറിച്ചുകൊടുക്കുന്നതായി പ്രമുഖ ഡോക്ടർമാർക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്. “ഇൻസ്റ്റാഗ്രാമിലോ മറ്റ് സോഷ്യൽ മീഡിയയിലോ മെലിഞ്ഞ് സുന്ദരമായി കാണാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് പലരും ഇത് നിർദ്ദേശിക്കുന്നത്. രോഗ ചികിത്സ എന്നതിലുപരി സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്കായി ഈ മരുന്നുകൾ നൽകുന്നത് അപകടകരമാണ്,” മുംബൈയിലെ പ്രമുഖ ഡെർമറ്റോളജിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ നിയമപ്രകാരം, എംബിബിഎസ് ബിരുദമുള്ള ഏതൊരു രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർക്കും ഈ മരുന്നുകൾ കുറിക്കാൻ സാധിക്കും. ഈ നിയമത്തിലെ അവ്യക്തതയാണ് വ്യാപകമായ ദുരുപയോഗത്തിന് കാരണമാകുന്നത്. ഓൺലൈൻ ഫാർമസികൾ വഴി പോലും ആരുടെയെങ്കിലും ഒരു കുറിപ്പടി ഉപയോഗിച്ച് ആർക്കും ഈ മരുന്നുകൾ വാങ്ങാമെന്ന സ്ഥിതിയാണുള്ളത്. 100 രൂപയോ 200 രൂപയോ നൽകിയാൽ ഇത്തരം മരുന്നുകൾക്ക് വ്യാജ കുറിപ്പടികൾ ഉണ്ടാക്കുന്ന സംഘങ്ങൾ പോലുമുണ്ടെന്ന് ഒരു പ്രമുഖ ഹെൽത്ത്‌കെയർ ശൃംഖലയിലെ മുതിർന്ന ഡോക്ടർ പറയുന്നു.
വരാനിരിക്കുന്നത് വലിയ വിപത്തും അപകടവും
നിലവിൽ 700 കോടി രൂപയുടെ വിപണിയുള്ള ഈ മരുന്നുകൾ, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 8,000-10,000 കോടി രൂപയുടെ വിപണിയായി വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോൾ രാജ്യത്ത് ഏകദേശം ഒരു ലക്ഷം പേർ ഈ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, രണ്ട് വർഷത്തിനുള്ളിൽ ഇത് 12 ലക്ഷമായി ഉയരും. 2026 മാർച്ചിൽ വെഗോവിയിലെ പ്രധാന ഘടകത്തിന്റെ പേറ്റന്റ് അവസാനിക്കുന്നതോടെ, ഇന്ത്യൻ കമ്പനികൾ വില കുറഞ്ഞ പതിപ്പുകൾ വിപണിയിലിറക്കും. ഇതോടെ മരുന്നിന്റെ വില 80% വരെ കുറയുകയും ഉപയോഗിക്കുന്നവരുടെ എണ്ണം 2030-ഓടെ 40 ലക്ഷമായി വർധിക്കുകയും ചെയ്യും.
“വില കുറഞ്ഞ ജനറിക് മരുന്നുകൾ വിപണിയിലെത്തി കൂടുതൽ ആളുകൾ ഇത് ഉപയോഗിക്കാൻ തുടങ്ങുമ്പോഴായിരിക്കും ഇന്ത്യയിൽ ഇതിന്റെ യഥാർത്ഥ പാർശ്വഫലങ്ങൾ പ്രകടമായിത്തുടങ്ങുക,” മുംബൈയിലെ എൽഎച്ച് ഹിരാനന്ദാനി ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിദഗ്ദ്ധൻ ഡോ. നീരജ് തുളാര പറഞ്ഞു. മരുന്നിന്റെ ഫലങ്ങൾ, പാർശ്വഫലങ്ങൾ, ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് രോഗിക്ക് കൃത്യമായ ഉപദേശം നൽകാൻ ഒരു വിദഗ്ദ്ധ ഡോക്ടർക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.