
കോസ്മെറ്റിക് സർജറി: ‘പ്ലാസ്റ്റിക് സർജറിയുടെ കട’യെന്ന് വിളിച്ചു; വിമർശകർക്ക് ചുട്ടമറുപടിയുമായി ശ്രുതി ഹാസൻ
കോസ്മെറ്റിക് ചികിത്സകളുടെ പേരിൽ പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. ബോളിവുഡ് ഉൾപ്പെടെയുള്ള സിനിമാ മേഖലയിൽ സാധാരണമായ സൗന്ദര്യവർധക ചികിത്സകളെക്കുറിച്ച് സംസാരിക്കുമ്പോൾ നേരിടുന്ന ഇരട്ടത്താപ്പിനെക്കുറിച്ചും ശ്രുതി തന്റെ മനസ്സ് തുറന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
“പ്ലാസ്റ്റിക് സർജറിക്ക് അടിമയാണ് ഞാൻ” എന്ന തരത്തിൽ തനിക്കെതിരെ വന്ന വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, “ഞാൻ എത്രത്തോളം ഇത് ചെയ്തിട്ടുണ്ട്, മറ്റുള്ളവർ എത്രത്തോളം ചെയ്തിട്ടുണ്ട് എന്ന് എനിക്കറിയാം” എന്നായിരുന്നു ശ്രുതിയുടെ മറുപടി. സത്യസന്ധമായി കാര്യങ്ങൾ തുറന്നുപറയുമ്പോൾ ഇത്തരത്തിലുള്ള വില കൊടുക്കേണ്ടി വരുമെന്നും, അത് തനിക്ക് പ്രശ്നമല്ലെന്നും അവർ കൂട്ടിച്ചേർത്തു. താൻ ഒരു കാരണവശാലും ഈ ചികിത്സകൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, ഇത് തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നും ശ്രുതി വ്യക്തമാക്കി.
സൗന്ദര്യത്തെക്കുറിച്ചും ആത്മാർത്ഥതയെക്കുറിച്ചുമുള്ള ഇരട്ടത്താപ്പുകളാണ് തന്നെ അലട്ടുന്ന വലിയ വിഷയമെന്ന് ശ്രുതി ഹാസൻ പറഞ്ഞു. താൻ ചെയ്ത കാര്യങ്ങൾ മറ്റുള്ളവർക്ക് മാതൃകയാവണമെന്ന് ആഗ്രഹിക്കുന്നില്ല. തന്റെ തിരഞ്ഞെടുപ്പുകൾ തികച്ചും വ്യക്തിപരമാണ്. ഈ വിഷയത്തെക്കുറിച്ച് നടി അവസാനിപ്പിച്ചത് ഇങ്ങനെയാണ്: “ജീവിതത്തിലായാലും സ്നേഹത്തിലായാലും ജോലിയിലായാലും, സത്യം തുറന്നുപറയുമ്പോൾ എന്നും വിരൽ ചൂണ്ടാൻ ആളുകളുണ്ടാകും. എന്നാൽ, ഇത് നല്ലൊരു വിലയാണ്.”
രജനികാന്ത് നായകനായ കൂലി എന്ന ചിത്രമാണ് ശ്രുതി ഹാസന്റേതായി അടുത്തിടെ തിയേറ്ററുകളിൽ എത്തിയത്. വിജയ് സേതുപതിയുടെ കൂടെ ട്രെയിൻ, കൂടാതെ പ്രഭാസിന്റെ നായികയായി സാലാർ പാർട്ട് 2 എന്നിവയാണ് ശ്രുതിയുടെ പുതിയ പ്രോജക്ടുകൾ.