Cinema

പോലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; ജീത്തു ജോസഫ് നിർമ്മിക്കുന്ന ത്രില്ലർ ചിത്രം ‘ദൃഢം’ വരുന്നു

കൊച്ചി: യുവതാരം ഷെയ്ൻ നിഗം വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ദൃഢം’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ നിർമ്മാണക്കമ്പനിയായ ബെഡ് ടൈം സ്റ്റോറീസും, ഇ ഫോർ എക്സ്പെരിമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഇ ഫോർ എക്സ്പെരിമെന്റ്സും ബെഡ് ടൈം സ്റ്റോറീസും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചന. ‘വെയിൽ’ എന്ന ചിത്രത്തിന് ശേഷം ഷെയ്ൻ നിഗം വീണ്ടും പോലീസ് വേഷം അണിയുന്നു എന്ന പ്രത്യേകതയും ‘ദൃഢ’ത്തിനുണ്ട്.

ഷെയ്ൻ നിഗത്തിനൊപ്പം സാനിയ ഫാത്തിമ, കൃഷ്ണപ്രഭ, ഷോബി തിലകൻ, നന്ദൻ ഉണ്ണി, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മുകേഷ് ആർ. മേഹ്ത, സി.വി. സാരഥി എന്നിവരാണ് നിർമ്മാതാക്കൾ.

ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പി.എം. ഉണ്ണികൃഷ്ണനാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരെയും താരങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.