
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു. യുവനടി ഉള്‍പ്പെടെ നിരവധിപേർ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ സംഘടനാ നേതൃത്വം രാജി ചോദിച്ചുവാങ്ങുകയായിരുന്നു. എംഎൽഎ സ്ഥാനവും രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ തയ്യാറായെങ്കിലും ആലോചിച്ചിട്ട് മതിയെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എംഎല്‍എ പദവിക്ക് ഏതാനും ചില മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരോപണം ഉയർന്നതിന് പിന്നാലെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു.
പാലക്കാട് എംഎൽഎ സ്ഥാനം കൂടി രാജിവെക്കാൻ രാഹുൽ സന്നദ്ധത അറിയിച്ചെങ്കിലും, നിയമസഭയുടെ കാലാവധി ഏതാനും മാസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ അക്കാര്യത്തില്‍ സംഘടനാതല ചർച്ച വേണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
പാർട്ടിക്ക് വഴങ്ങിയത് കടുത്ത സമ്മർദ്ദത്തിനൊടുവിൽ
നടിയും കോൺഗ്രസ് പ്രവർത്തകയുമായ റിനി ആൻ ജോർജ്, പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ എന്നിവർ പേരെടുത്തുപറഞ്ഞ് ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് രാഹുൽ കടുത്ത സമ്മർദ്ദത്തിലായത്. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുൽ മൗനം പാലിച്ചത് സംഘടനയ്ക്കുള്ളിൽ തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ രാഹുൽ ഒന്നുകിൽ നിരപരാധിത്വം തെളിയിക്കണമെന്നും അല്ലെങ്കിൽ മാറിനിന്ന് അന്വേഷണം നേരിടണമെന്നും ആവശ്യപ്പെട്ടു.
വിഷയത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾ പാർട്ടിക്കും യൂത്ത് കോൺഗ്രസിനും വലിയ നാണക്കേടുണ്ടാക്കിയെന്നും, ഇനിയും രാഹുലിനെ സംരക്ഷിക്കാൻ കഴിയില്ലെന്നുമുള്ള നിലപാടിലേക്ക് സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ എത്തുകയായിരുന്നു. വനിതാ നേതാക്കളിൽ നിന്നും എഐസിസിക്ക് പരാതി ലഭിച്ചതും നടപടി വേഗത്തിലാക്കി.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞെങ്കിലും, എംഎൽഎ എന്ന നിലയിലും രാഹുലിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുലിന് സീറ്റ് നൽകേണ്ടതില്ലെന്ന ആലോചനയും പാർട്ടിയിലുണ്ട്. ആരോപണങ്ങൾ സംഘടനയ്ക്ക് വരുത്തിവെച്ച ക്ഷീണം ചെറുതല്ലാത്തതിനാലും, വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായേക്കാമെന്ന ഭയത്താലുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഈ കർശന നടപടി.