
‘ആരും രാജി ആവശ്യപ്പെട്ടില്ല, സ്വയം ഒഴിയുന്നു’; ആരോപണങ്ങൾ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞു
തിരുവനന്തപുരം: ആരോപണങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു. എന്നാൽ, പാർട്ടി നേതൃത്വം തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും, സ്വമേധയാ ഉച്ചയ്ക്ക് 1:30-ന് സ്ഥാനം ഒഴിയുകയാണെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിനെതിരായ സമരങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ആരോപണം ഉന്നയിച്ച യുവനടി തന്റെ അടുത്ത സുഹൃത്താണെന്നും, അവർ ഇതുവരെ തന്റെ പേര് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും രാഹുൽ അവകാശപ്പെട്ടു.
“രാജ്യത്തിന്റെ നിയമ സംവിധാനത്തിന് വിരുദ്ധമായി ഞാൻ ഒന്നും ചെയ്തിട്ടില്ല. എനിക്കെതിരെ ചമയ്ക്കപ്പെട്ട ഒരു പരാതി പോലുമില്ല. യുവനടി എന്നെക്കുറിച്ചാണ് പറഞ്ഞതെന്ന് ഞാൻ വിശ്വസിക്കുന്നില്ല, മാധ്യമങ്ങളാണ് എന്റെ പേര് അതിലേക്ക് വലിച്ചിഴച്ചത്. അവർ ഇപ്പോഴും എന്റെ അടുത്ത സുഹൃത്താണ്,” രാഹുൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുടേതായി പുറത്തുവന്ന ഓഡിയോ ക്ലിപ്പിനെയും അദ്ദേഹം തള്ളിപ്പറഞ്ഞു. “ഇന്നത്തെ കാലത്ത് ഇത്തരം ഓഡിയോ ക്ലിപ്പുകൾ ഉണ്ടാക്കുന്നത് അസാധ്യമല്ല. ആരെങ്കിലും അതിൽ പരാതി ഉന്നയിച്ചിട്ടുണ്ടോ? ആ ആരോപണം എനിക്കെതിരെയാണെന്ന് ഞാൻ കരുതുന്നില്ല,” രാഹുൽ ചോദിച്ചു.
അതേസമയം, രാഹുൽ സ്വമേധയാ രാജിവെക്കുന്നുവെന്ന് പറയുമ്പോഴും, മുതിർന്ന നേതാക്കളുടെ പിന്തുണ നഷ്ടമായതാണ് രാജിക്ക് പിന്നിലെ യഥാർത്ഥ കാരണമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ രാഹുലിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു.
ആരോപണങ്ങളിൽ പാർട്ടിക്ക് വലിയ അവമതിപ്പുണ്ടായെന്നും, രാഹുലിനെ സംരക്ഷിക്കാൻ കഴിയില്ലെന്നുമുള്ള നിലപാടിലേക്ക് നേതൃത്വം എത്തിയതോടെയാണ് രാജി അനിവാര്യമായത്. കോൺഗ്രസ് പ്രവർത്തകരുടെ സമയം മാനിച്ച് രാജിവെക്കുന്നുവെന്ന് പറഞ്ഞ്, പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് രാഹുൽ നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.