
ഓണ ശമ്പളത്തിന് ഖജനാവ് കാലി! ആഗസ്ത് 26 ന് 3000 കോടി കടമെടുക്കാൻ ബാലഗോപാൽ; അഞ്ച് മാസത്തിനിടയിൽ കടമെടുത്തത് 23000 കോടി
സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. ആഗസ്ത് 26 ന് 3000 കോടിയാണ് ധനമന്ത്രി കെ. എൻ. ബാലഗോപാൽ കടം എടുക്കുന്നത്. ഖജനാവ് കാലിയായതോടെ ശമ്പളവും പെൻഷനും നൽകാൻ വേണ്ടിയാണ് 3000 കോടി കടം എടുക്കുന്നത്.ആഗസ്ത് മാസത്തെ മൂന്നാമത്തെ കടമെടുപ്പാണിത്.
ആഗസ്ത് 1 ന് 1000 കോടി, 19 ന് 2000 കോടി, ഇപ്പോൾ 26 ന് 3000 കോടി എന്നിങ്ങനെയാണ് ആഗസ്ത് മാസത്തെ കടമെടുപ്പ്. ആഗസ്തിൽ മാത്രം 6000 കോടി കടം എടുത്തു. 26 ന് 3000 കോടി കടം എടുക്കുന്നതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 23000 കോടിയായി. ഏപ്രിൽ മാസം 3000 കോടി, മെയ് 4000 കോടി, ജൂൺ 5000 കോടി, ജൂലൈ 5000 കോടി, ആഗസ്ത് 6000 കോടി എന്നിങ്ങനെയാണ് ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പുകൾ .
ഡിസംബർ വരെ 29529 കോടി കടം എടുക്കാൻ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 23000 കോടിയും കടം എടുത്തതോടെ ഡിസംബർ വരെ കടം എടുക്കാൻ ശേഷിക്കുന്നത് 6529 കോടി മാത്രം. സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ എന്നീ നാല് മാസങ്ങൾ കടക്കാൻ കടം എടുക്കാൻ മുന്നിൽ ഉള്ളത് 6529 കോടി മാത്രം.
കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ശമ്പളവും പെൻഷനും മുടങ്ങും എന്ന് വ്യക്തം. ഖജനാവ് കാലിയായതോടെ കടുത്ത ട്രഷറി നിയന്ത്രണം ഈ മാസം 19 മുതൽ ബാലഗോപാൽ ഏർപ്പെടുത്തിയിരുന്നു. ദൈനംദിന ചെലവുകളുടെ ബില്ലുകൾക്കുള്ള നിയന്ത്രണം 25 ലക്ഷത്തിൽനിന്ന് 10 ലക്ഷം രൂപയാക്കി. 10 ലക്ഷത്തിനു മേൽ തുകയുടെ ബില്ലുകൾ പാസാകണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണം.