
ഇടുക്കിയിൽ ആർമി റിക്രൂട്ട്മെന്റ് റാലി; നടത്തിപ്പിനായി 50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കായി 50 ലക്ഷം രൂപയുടെ അധിക തുക അനുവദിച്ച് സംസ്ഥാന സർക്കാർ. അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയുടെ നടത്തിപ്പിനായാണ് ധനകാര്യ വകുപ്പ് തുക അനുവദിച്ചത്.
2025 സെപ്റ്റംബർ 10 മുതൽ 16 വരെയാണ് നെടുങ്കണ്ടത്ത് ആർമി റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചെലവുകൾക്കായാണ് 50 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ജില്ലാ ഭരണകൂടം എന്ന ശീർഷകത്തിൽ വരുന്ന ചെലവുകൾക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്.
ലാൻഡ് റവന്യൂ കമ്മീഷണറുടെ അപേക്ഷ പരിഗണിച്ചാണ് ധനകാര്യ വകുപ്പിന്റെ നടപടി. സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപായി ഈ അധികച്ചെലവ് ക്രമീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.