News

ഹോട്ടലിലേക്ക് ക്ഷണിച്ചു, അശ്ലീലം പറഞ്ഞു; യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണവുമായി നടി റിനി ആൻ ജോർജ്ജ്

കൊച്ചി: സിനിമ-സീരിയൽ താരം റിനി ആൻ ജോർജ്ജ് ഒരു യുവ രാഷ്ട്രീയ നേതാവിനെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട നേതാവിൽ നിന്ന് തനിക്ക് ലൈംഗികച്ചുവയോടെയുള്ള സന്ദേശങ്ങളും ഹോട്ടലിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള അഭ്യർത്ഥനകളും ഉണ്ടായതായി നടി തുറന്നടിച്ചു. വിഷയത്തിൽ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും നേതാവിന് സ്ഥാനക്കയറ്റം ലഭിച്ചുവെന്നും റിനി വെളിപ്പെടുത്തി.

സമൂഹത്തിന് മാതൃകയാകേണ്ട ഒരു പൊതുപ്രവർത്തകനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ് ഉണ്ടായതെന്ന് റിനി പറയുന്നു. അശ്ലീല സന്ദേശങ്ങൾ അയച്ചപ്പോൾ തന്നെ താൻ ഞെട്ടിപ്പോയി. അത്തരം പെരുമാറ്റം ശരിയല്ലെന്ന് ഉപദേശിച്ചപ്പോൾ, പ്രമാദമായ സ്ത്രീപീഡന കേസുകളിൽ ഉൾപ്പെട്ട മറ്റ് രാഷ്ട്രീയ നേതാക്കന്മാർക്ക് എന്ത് സംഭവിച്ചു എന്ന മറുചോദ്യം ഉന്നയിച്ച് അയാൾ നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചുവെന്നും നടി ആരോപിച്ചു.

“ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം എടുത്തിട്ടുണ്ട്, വരണം എന്ന് പറഞ്ഞപ്പോഴാണ് ഞാൻ ശക്തമായി പ്രതികരിച്ചത്,” റിനി വ്യക്തമാക്കി. തുടർന്ന് പാർട്ടിയുടെ മുതിർന്ന നേതാക്കളെ ഈ വിഷയം ധരിപ്പിച്ചു. എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, ആ നേതാവിന് പിന്നീട് കൂടുതൽ മെച്ചപ്പെട്ട പദവികൾ ലഭിക്കുകയാണ് ചെയ്തത്. ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും റിനി കൂട്ടിച്ചേർത്തു.

തനിക്ക് സമാനമായ അനുഭവങ്ങൾ മറ്റ് സ്ത്രീകളിൽ നിന്നും ഈ നേതാവിനെതിരെ ഉണ്ടായിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ, അവരാരും ഭയം കാരണം പ്രതികരിക്കാൻ മുന്നോട്ട് വന്നില്ല. മറ്റുള്ളവർക്ക് ധൈര്യം നൽകുന്നതിന് വേണ്ടിയാണ് താൻ ഇപ്പോൾ ഈ വിഷയം പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നതെന്നും, തനിക്ക് വ്യക്തിപരമായി ഇതിൽ ഒരു കേസ് നടത്തി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നും റിനി ആൻ ജോർജ്ജ് പറഞ്ഞു.