EducationNews

ഒരേദിവസം സിവിൽ സർവീസും എസ്ഐ പരീക്ഷയും; പിഎസ്‌സിയുടെ തിരക്കിട്ട തീയതിയിൽ വെട്ടിലായി ഉദ്യോഗാർഥികൾ

കൊച്ചി: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) നടത്തുന്ന സബ് ഇൻസ്പെക്ടർ (എസ്ഐ) തസ്തികയിലേക്കുള്ള പരീക്ഷയും, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (യുപിഎസ്‌സി) സിവിൽ സർവീസ് മെയിൻസ് പരീക്ഷയും ഒരേദിവസം വന്നതോടെ ആശങ്കയിലായി ആയിരക്കണക്കിന് ഉദ്യോഗാർഥികൾ. ഓഗസ്റ്റ് 30-നാണ് ഇരു പരീക്ഷകളും നടക്കുന്നത്. ഇതോടെ, വർഷങ്ങളായി രണ്ട് പരീക്ഷകൾക്കും ഒരുപോലെ തയ്യാറെടുത്തിരുന്ന ഉദ്യോഗാർഥികൾക്ക് ഏതെങ്കിലും ഒന്ന് ഉപേക്ഷിക്കേണ്ട സാഹചര്യമാണ്.

എസ്ഐ പരീക്ഷയുടെ തീയതി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ പിഎസ്‌സി ചെയർമാന് നിവേദനം നൽകിയെങ്കിലും, ഹാൾടിക്കറ്റുകൾ വിതരണം ചെയ്തുകൊണ്ട് പിഎസ്‌സി നടപടികളുമായി മുന്നോട്ടുപോവുകയാണ്.

“രണ്ട് പരീക്ഷകൾക്കും വേണ്ടി ഒരുപാട് കാലമായി തയ്യാറെടുക്കുന്നവരാണ് ഞങ്ങൾ. ഒരേദിവസം പരീക്ഷ വെച്ചതോടെ ഏതെങ്കിലും ഒരു അവസരം ഞങ്ങൾക്ക് നഷ്ടമാകും. ഇത് ഉദ്യോഗാർഥികളോട് ചെയ്യുന്ന കടുത്ത അനീതിയാണ്,” തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗാർഥി ശങ്കർ പറയുന്നു.

വിഷ്ണു എച്ച്, ശിവശങ്കർ ജെ.എസ്, മെഹറൂബ് എം, മുസ്തഫ എം.എ, ജിഗർ തോമസ്, വിഷ്ണു പി.കെ. എന്നിവരുൾപ്പെടെ ആറ് ഉദ്യോഗാർഥികൾ ചേർന്നാണ് പിഎസ്‌സി ചെയർമാന് സംയുക്തമായി കത്ത് നൽകിയത്. എസ്ഐ പരീക്ഷ മറ്റൊരു സൗകര്യപ്രദമായ തീയതിയിലേക്ക് മാറ്റണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

“ഈ തീരുമാനം ഞങ്ങളുടെ തയ്യാറെടുപ്പുകളെ കാര്യമായി ബാധിച്ചു. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണം,” ഒരു ഉദ്യോഗാർഥി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ, ഭൂരിഭാഗം ഉദ്യോഗാർഥികളും സിവിൽ സർവീസ് മെയിൻസ് പരീക്ഷയ്ക്ക് മുൻഗണന നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എസ്ഐ പരീക്ഷ എഴുതാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ.

ഉന്നതതലത്തിലുള്ള ഇടപെടൽ ഉണ്ടായില്ലെങ്കിൽ തങ്ങൾക്ക് എസ്ഐ പരീക്ഷ നഷ്ടമാകുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ. വിഷയത്തിൽ പിഎസ്‌സി അടിയന്തരമായി ഇടപെടണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.