
സിനിമാ നടിയുടെ ആരോപണം; കേരള രാഷ്ട്രീയം വീണ്ടും ലൈംഗികാരോപണ വിവാദത്തിൽ | മുൻ മന്ത്രിമാർക്കെതിരെ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു
കൊച്ചി: സിനിമ-സീരിയൽ രംഗത്തെ പ്രമുഖ നടി റിനി ആൻ ജോർജ്ജ് ഒരു യുവ രാഷ്ട്രീയ നേതാവിനെതിരെ ഉന്നയിച്ച ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഈ യുവനേതാവ് തനിക്ക് ലൈംഗികച്ചുവയോടെയുള്ള സന്ദേശങ്ങൾ അയക്കുകയും ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തതായി നടി വെളിപ്പെടുത്തി. എന്നാൽ, ആരോപണവിധേയനായ നേതാവിൻ്റെ പേര് വെളിപ്പെടുത്താൻ റിനി ആൻ ജോർജ്ജ് തയ്യാറായില്ല.
ഈ സംഭവം പുറത്തുവന്നതോടെ മുൻകാലങ്ങളിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഉയർന്ന സമാനമായ ആരോപണങ്ങളും വീണ്ടും പൊതുസമൂഹത്തിൽ ചർച്ചയാകുന്നു. മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ ഗുരുതരമായ ലൈംഗികാരോപണങ്ങളാണ് ഇതിൽ പ്രധാനം.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നും ലൈംഗികച്ചുവയോടെ സന്ദേശങ്ങൾ അയച്ചുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. കടകംപള്ളി ഒരു രാഷ്ട്രീയക്കാരനാകാൻ പോലും യോഗ്യനല്ലെന്നും വീട്ടിൽ കയറ്റാൻ കൊള്ളാത്ത വ്യക്തിയാണെന്നും സ്വപ്ന തുറന്നടിച്ചു. ഫോണിലൂടെ മോശമായി സംസാരിക്കുകയും ലൈംഗികച്ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറഞ്ഞ് നിർബന്ധിച്ചതായും ഈ സന്ദേശങ്ങൾ തനിക്ക് ദുരുപയോഗം ചെയ്യാൻ കഴിയുമായിരുന്നുവെന്നും എന്നാൽ അത് ചെയ്തില്ലെന്നും സ്വപ്ന വ്യക്തമാക്കി. ഈ കാര്യങ്ങളെല്ലാം എം. ശിവശങ്കറിന് അറിയാമായിരുന്നുവെന്നും മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങൾക്ക് തെളിവുണ്ടെന്നും അത് ഇ.ഡിക്ക് കൈമാറിയെന്നും സ്വപ്ന വിശദീകരിച്ചു.
മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെയും സ്വപ്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഒരു കോളേജ് വിദ്യാർത്ഥിയെപ്പോലെ ‘ഐ ലവ് യൂ’ എന്നെല്ലാം പറഞ്ഞ് അനാവശ്യ മെസേജുകൾ അയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് അദ്ദേഹമെന്ന് സ്വപ്ന ആരോപിച്ചു. ഔദ്യോഗിക വസതിയിലെ മദ്യപാന സദസ്സിൽ മോശമായി പെരുമാറിയെന്നും ഒറ്റയ്ക്ക് വസതിയിലെത്താൻ ആവശ്യപ്പെട്ടെന്നും സ്വപ്ന വെളിപ്പെടുത്തി. മുൻ മന്ത്രി തോമസ് ഐസക് നേരിട്ടല്ലാതെ, സൂചനകളിലൂടെ മോശമായി സംസാരിച്ചെന്നും ഒരിക്കൽ മൂന്നാറിലേക്ക് ക്ഷണിച്ചെന്നും സ്വപ്ന ആരോപിച്ചു.
കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഈ ആരോപണങ്ങളിൽ ആരോപണവിധേയരായ കടകംപള്ളി സുരേന്ദ്രനോ, തോമസ് ഐസക്കോ, ശ്രീരാമകൃഷ്ണനോ സ്വപ്നക്കെതിരെ മാനനഷ്ടക്കേസ് പോലും നൽകിയില്ല എന്നതും ശ്രദ്ധേയമാണ്. പുതിയ വിവാദം ഉയർന്നുവന്ന സാഹചര്യത്തിൽ ഈ പഴയ സംഭവങ്ങൾ വീണ്ടും സജീവ ചർച്ചാവിഷയമായി മാറിയിരിക്കുന്നു.