
ജീവനക്കാർക്ക് ബോണസായി ഒരു മാസത്തെ ശമ്പളം നൽകണമെന്ന് എൻ.ജി.ഒ യൂണിയൻ; ഓണം അഡ്വാൻസ് ഉയർത്തിയേക്കും
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണെന്ന് എൻ.ജി.ഒ യൂണിയൻ. ഈ ആവശ്യം ഉന്നയിച്ച് ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ഇന്നലെ പ്രകടനം നടത്തി.
ഭരണകക്ഷിയായ സി.പി.എമ്മിന്റെ സർവീസ് സംഘടനയാണ് എൻ.ജി.ഒ യൂണിയൻ. ഇന്നത്തെ മന്ത്രിസഭ യോഗത്തിലോ അടുത്ത ആഴ്ചത്തെ മന്ത്രിസഭ യോഗത്തിലോ ജീവനക്കാരുടേയും അധ്യാപകരുടേയും ഓണം ബോണസ് സംബന്ധിച്ച തീരുമാനം ഉണ്ടാകും. എന്നാൽ പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ഓണം ബോണസായി നൽകണമെന്ന സംഘടനയുടെ ആവശ്യം ധനമന്ത്രി തള്ളും എന്നാണ് ലഭിക്കുന്ന സൂചന.
കഴിഞ്ഞ വർഷത്തെ അതേ നിരക്കിൽ ആയിരിക്കും ഇത്തവണയും ഓണം ബോണസ് നൽകുക എന്നാണ് ലഭിക്കുന്ന വിവരം. 37129 രൂപയോ അതിൽ കുറവോ ആകെ വേതനം ഉള്ളവർക്കാണ് 4000 രൂപയാണ് കഴിഞ്ഞ വർഷം ബോണസ് നൽകിയത്. 37129 കൂടുതൽ ശമ്പളം ഉള്ളവർക്ക് പ്രത്യേക ഉത്സവബത്ത മാത്രമാണ് നൽകിയത്. 2750 രൂപയായിരുന്നു പ്രത്യേക ഉത്സവബത്ത.
1000 രൂപയാണ് പെൻഷൻകാർക്ക് ഉത്സവബത്തയായി നൽകിയത്. അതേ സമയം ഓണം അഡ്വാൻസ് ഇത്തവണ ഉയർത്തുന്നത് ധനവകുപ്പിന്റെ സജീവ പരിഗണനയിൽ ആണ്. ജീവനക്കാർക്ക് ഓണം അഡ്വാൻസായി കഴിഞ്ഞ വർഷം നൽകിയത് 20,000 രൂപയാണ്. അഞ്ച് തവണകളായി അഡ്വാൻസ് തിരിച്ച് പിടിക്കും. ഇത് 25000 രൂപയായി ഇത്തവണ ഉയർത്തിയേക്കും.