
ധനവകുപ്പിൽ സാമ്പത്തിക തിരിമറി: ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തി! ജയതിലകിൻ്റേത് ഗുരുതര വീഴ്ചയെന്ന് അക്കൗണ്ടൻ്റ് ജനറൽ
തിരുവനന്തപുരം: ധനവകുപ്പിൽ സാമ്പത്തിക തിരിമറികളും ഫണ്ട് വകമാറ്റലും നടന്നതായി പ്രിൻസിപ്പൽ അക്കൗണ്ടൻ്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട്. ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായിരിക്കെ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് ചീഫ് സെക്രട്ടറിയും മുൻ ധനകാര്യ അഡീഷണൽ സെക്രട്ടറിയുമായ ഡോ. എ.ജയതിലകിൻ്റെ പേരെടുത്ത് പറഞ്ഞ് അക്കൗണ്ടൻ്റ് ജനറൽ (എ.ജി.) കത്തയച്ചു.
നാല് ആഴ്ചക്കകം നൽകേണ്ട മറുപടി അനിശ്ചിതമായി നീണ്ടുപോയതിനാൽ നാല് റിമൈൻഡറുകൾ അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് കത്തിൽ പറയുന്നു. ഡോ.ജയതിലക് ചീഫ് സെക്രട്ടറിയായ ശേഷവും മറുപടി നൽകിയിട്ടില്ല.
2019 സെപ്റ്റംബർ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ ധനകാര്യ വകുപ്പിൽ നടന്ന സാമ്പത്തിക തിരിമറികളും ഫണ്ട് വകമാറ്റലും സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ടാണ് പൂഴ്ത്തിയത്. ആരോഗ്യ വകുപ്പിലെ അഴിമതി, കേന്ദ്ര ഫണ്ട് വെട്ടിപ്പ്, ഫണ്ട് വകമാറ്റൽ, ഇഷ്ടക്കാർക്ക് അനധികൃതമായി ഭീമമായ ശമ്പള വർദ്ധനവ് നടത്തിയത്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ അഴിമതികൾ, ഇഷ്ടക്കാർക്ക് അനധികൃതമായി അധിക ശമ്പള ഗഡുക്കൾ അനുവദിച്ചത് എന്നിവയാണ് ഈ കാലയളവിലെ പ്രധാന കണ്ടെത്തലുകൾ.
ഡോ. ജയതിലകിന്റെ പ്രവർത്തനങ്ങളെ ഒരു വ്യക്തിപരമായ വീഴ്ചയായി കാണാതെ, ഈ വ്യവസ്ഥയെ ഗ്രസിച്ചിരിക്കുന്ന മൂല്യച്യുതിയായി കാണണം എന്ന് പ്രശാന്ത് ഐ.എ.എസ്. അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഭേദമന്യേ ചിലർക്ക് ഇത് പൊള്ളുന്നത് ഓഡിറ്റ് റിപ്പോർട്ടുകൾ കണ്ടാൽ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.