
ഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ പൊതു പരിപാടിക്കിടെ ഒരാൾ ആക്രമിച്ചതായി ബിജെപി നേതാക്കൾ അറിയിച്ചു. മുഖ്യമന്ത്രിയെ ഇയാൾ മുഖത്തടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ രേഖ ഗുപ്തയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ നടന്ന ‘ജൻസഭ’യ്ക്കിടെയാണ് സംഭവം. മുപ്പതുകളോട് അടുത്ത പ്രായമുള്ള ഒരാൾ മുഖ്യമന്ത്രിയുടെ അടുത്തെത്തുകയും അപ്രതീക്ഷിതമായി ആക്രമിക്കുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ ഇയാളെ പിടികൂടി. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
സംഭവത്തിന് പിന്നാലെ ഡൽഹി പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ വസതിയിൽ സുരക്ഷ ശക്തമാക്കി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.