
ജയിലില്‍ ആയാല്‍ പുറത്ത്; ബില്ല് കീറിയെറിഞ്ഞ് പ്രതിപക്ഷം, ലോക്സഭയിൽ വൻ പ്രതിഷേധം
ന്യൂഡൽഹി: ഗുരുതരമായ ക്രിമിനൽ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും 30 ദിവസത്തിനകം രാജിവെച്ചില്ലെങ്കിൽ, 31-ാം ദിവസം സ്ഥാനം തനിയെ നഷ്ടമാകുന്നതടക്കമുള്ള കർശന വ്യവസ്ഥകളടങ്ങിയ മൂന്ന് ബില്ലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ ക്രിമിനൽവൽക്കരണം തടയുകയാണ് ലക്ഷ്യമെന്ന് സർക്കാർ പറയുമ്പോൾ, ഇത് ഫെഡറൽ തത്വങ്ങൾക്കെതിരായ കടന്നുകയറ്റമാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ ആഞ്ഞടിച്ചു.
ബിൽ അവതരണത്തിന് പിന്നാലെ ലോക്സഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. തൃണമൂൽ കോൺഗ്രസ് എംപിമാർ ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞതോടെ സഭയിൽ കയ്യാങ്കളിയുടെ വക്കോളമെത്തി.
‘ഭരണഘടനയെ തകർക്കുന്നു’ – പ്രതിപക്ഷം
പുതിയ നിയമനിർമ്മാണം ഭരണഘടനയ്ക്കും ഫെഡറലിസത്തിനും എതിരാണെന്ന് കോൺഗ്രസ് നേതാക്കളായ മനീഷ് തിവാരി, കെ.സി. വേണുഗോപാൽ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ ആരോപിച്ചു. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. ബില്ലിനെതിരെ ഒവൈസി സഭയിൽ നിരാകരണ പ്രമേയം അവതരിപ്പിച്ചു. പാർലമെന്ററി ജനാധിപത്യത്തെ തകർക്കുന്ന നിയമത്തെ അംഗീകരിക്കാനാവില്ലെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
അറസ്റ്റിന് മുൻപ് ഞാൻ രാജിവെച്ചു – അമിത് ഷാ
ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ അറസ്റ്റിലായപ്പോൾ അമിത് ഷാ രാജിവെച്ചിരുന്നോ എന്ന് കെ.സി. വേണുഗോപാൽ ചോദിച്ചു. എന്നാൽ, അറസ്റ്റിന് മുൻപ് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് താൻ രാജിവെച്ചിരുന്നുവെന്നും, കോടതി കുറ്റവിമുക്തനാക്കിയ ശേഷമാണ് വീണ്ടും ഭരണഘടനാ പദവികൾ വഹിച്ചതെന്നും അമിത് ഷാ മറുപടി നൽകി. “ഗുരുതരമായ കുറ്റങ്ങൾ നേരിടുമ്പോൾ ഭരണഘടനാപരമായ പദവികൾ വഹിക്കുന്നത് ലജ്ജാകരമാണ്,” ഷാ പറഞ്ഞു.
ബില്ലുകൾ തിടുക്കത്തിൽ കൊണ്ടുവന്നുവെന്ന പ്രതിപക്ഷ വിമർശനം തള്ളിയ അമിത് ഷാ, ഇവ പാർലമെന്റിന്റെ സംയുക്ത സമിതിക്ക് അയക്കുമെന്നും, അവിടെ പ്രതിപക്ഷത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അവസരമുണ്ടാകുമെന്നും ഉറപ്പുനൽകി. തുടർച്ചയായ പ്രതിഷേധങ്ങൾക്കിടെ സഭ നിർത്തിവെച്ചു.