
മൗനം കുറ്റസമ്മതമോ? വിവാദ കത്തിൽ നേതാക്കൾ ഒളിച്ചോടുന്നു; രാജേഷ് കൃഷ്ണ സർക്കാരിന്റെ പുതിയ ‘അവതാര’മെന്ന് വി.ഡി. സതീശൻ
കൊച്ചി: സിപിഎം നേതാക്കൾക്കെതിരെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ ആരോപിക്കുന്ന വിവാദ കത്തിൽ നേതൃത്വം മറുപടി പറയാതെ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നേതാക്കളുടെ മൗനം കത്തിന്റെ വിശ്വാസ്യത വർധിപ്പിക്കുകയാണ്. ലണ്ടൻ വ്യവസായിയായ രാജേഷ് കൃഷ്ണ ഈ സർക്കാരിന്റെ കാലത്തുണ്ടായ പുതിയ ‘അവതാര’മാണെന്നും സതീശൻ ആരോപിച്ചു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഹവാലയും റിവേഴ്സ് ഹവാലയും ഉൾപ്പെടെയുള്ള കടുത്ത ആരോപണങ്ങളാണ് കത്തിലുള്ളത്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനെതിരെയും ആരോപണമുണ്ട്. എന്നിട്ടും ആരും പ്രതികരിക്കുന്നില്ല. രാജേഷ് കൃഷ്ണയുടെ കിങ്ഡം സെക്യൂരിറ്റി സർവീസസിന്റെ അക്കൗണ്ടിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് ഒരു സിപിഎം നേതാവും ഇതുവരെ നിഷേധിച്ചിട്ടില്ല. അവരുടെ മൗനം ഒരു കുറ്റസമ്മതമായി കണക്കാക്കേണ്ടി വരും,” സതീശൻ പറഞ്ഞു.
പുതിയ ‘അവതാരം’ രാജേഷ് കൃഷ്ണ
മുഖ്യമന്ത്രി പിണറായി വിജയന്റെ ലണ്ടൻ സന്ദർശന വേളയിൽ രാജേഷ് കൃഷ്ണയുടെ സാന്നിധ്യത്തെയും പ്രവാസി ചിട്ടി ഫണ്ടിലെ പങ്കാളിത്തത്തെയും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. “പിണറായിയുടെ ഭാഷയിൽ പറഞ്ഞാൽ ഇയാൾ ഒരു അവതാരമാണ്. ഈ സർക്കാരിന്റെ കാലത്ത് നിരവധി അവതാരങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെയാളാണ് രാജേഷ് കൃഷ്ണ,” അദ്ദേഹം കൂട്ടിച്ചേർത്തു.
കത്ത് ആധികാരിക രേഖ
കത്ത് നേരത്തെ പ്രചരിച്ചതാണെന്ന ദേശാഭിമാനിയുടെ വാദത്തെയും സതീശൻ തള്ളി. കത്തിന്റെ കവർ പേജ് മാത്രമാണ് മുമ്പ് പുറത്തുവന്നതെന്നും, ആരോപണവിധേയനായ രാജേഷ് കൃഷ്ണ തന്നെ ഡൽഹി കോടതിയിൽ മാനനഷ്ടക്കേസിൽ ഈ കത്ത് ഹാജരാക്കിയതോടെ ഇത് ആധികാരിക നിയമരേഖയായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ആരെ രക്ഷിക്കാനാണ് കത്ത് പുറത്തുവിട്ടതെന്ന് അന്വേഷിക്കേണ്ടി വരും. ഇതിന് പിന്നിൽ വലിയ ദുരൂഹതകളുണ്ട്,” സതീശൻ പറഞ്ഞു.
മേഴ്‌സിക്കുട്ടിയമ്മയുടെ സമ്മതം
മുൻമന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഒരു പരിപാടിക്കായി രാജേഷ് കൃഷ്ണയിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്ന് സമ്മതിച്ച കാര്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. “എന്തിനാണ് ഫിഷറീസ് വകുപ്പിന്റെ ഒരു പദ്ധതിയുടെ സമയത്ത് ലണ്ടനിലുള്ള എസ്.എഫ്.ഐക്കാരനായ രാജേഷ് കൃഷ്ണ പണം അയക്കുന്നത്? സംസ്ഥാന പദ്ധതികളുടെ ഇടനിലക്കാരനാണോ അയാൾ?” സതീശൻ ചോദിച്ചു.
സോളാർ കേസിൽ സരിതയുടെ കത്തിന്റെ വിശ്വാസ്യതയെ ഉയർത്തിപ്പിടിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ച പിണറായി വിജയന്, ഇപ്പോൾ ഈ കത്തിലെ ആരോപണങ്ങളെ തള്ളിക്കളയാൻ ധാർമ്മിക അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു.