News

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കൈക്കൂലി; തൃശ്ശൂരിലെ 2 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കിത്തരാൻ ഏജന്റ് മുഖേന കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ തൃശ്ശൂർ ആർ.ടി. ഓഫീസിലെ രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവുമായി പിടിയിലായ അനീഷ് കെ. ജി., കൃഷ്ണകുമാർ എ. പി. എന്നിവർക്കെതിരെയാണ് ഗതാഗത വകുപ്പിന്റെ അടിയന്തര നടപടി.

വിജിലൻസ് വല വിരിച്ചത് ഇങ്ങനെ

തൃശ്ശൂർ ആർടിഒയ്ക്ക് കീഴിൽ ഡ്രൈവിംഗ് സ്കൂളുകളിൽ പഠിക്കുന്നവരിൽ നിന്ന് ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 2025 ഏപ്രിൽ 30-ന് അയ്യന്തോളിലെ എസ്. എൻ. പാർക്ക് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു.

പരിശോധനയിൽ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അനീഷ് കെ. ജി., കൃഷ്ണകുമാർ എ. പി. എന്നിവരുടെ പക്കൽ നിന്ന് കണക്കിൽപ്പെടാത്ത 79,500 രൂപ വിജിലൻസ് പിടിച്ചെടുത്തു. ഇതിൽ 72,000 രൂപ ഉദ്യോഗസ്ഥരിൽ നിന്നും 7500 രൂപ ഒരു ഏജന്റിൽ നിന്നുമാണ് കണ്ടെടുത്തത്.

സർക്കാരിന്റെ അടിയന്തര നടപടി

വിജിലൻസ് ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഉദ്യോഗസ്ഥർ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ നടപടി. 1960-ലെ കേരള സിവിൽ സർവീസസ് ചട്ടപ്രകാരം, അന്വേഷണ വിധേയമായി രണ്ട് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് ഉടൻ പ്രാബല്യത്തിൽ സസ്പെൻഡ് ചെയ്തുകൊണ്ട് ഗതാഗത വകുപ്പ് ഉത്തരവിറക്കി. സസ്പെൻഷൻ കാലയളവിൽ ഇവർക്ക് ചട്ടപ്രകാരമുള്ള ഉപജീവനബത്തയ്ക്ക് അർഹതയുണ്ടായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.