News

ഡ്രോണുകൾക്ക് പൂട്ടിടാൻ കേരള പോലീസ് ആന്റി-ഡ്രോൺ ഗണ്ണുകൾ വാങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ അതീവ സുരക്ഷാ മേഖലകളിലും വി.ഐ.പി പരിപാടികൾക്കിടയിലും വർധിച്ചുവരുന്ന അനധികൃത ഡ്രോൺ സാന്നിധ്യം സൃഷ്ടിക്കുന്ന ഭീഷണി നേരിടാൻ കേരള പോലീസ് സജ്ജമാകുന്നു. നിയമലംഘനം നടത്തുന്ന ഡ്രോണുകളെ കിലോമീറ്ററുകൾക്കപ്പുറത്തുനിന്ന് കണ്ടെത്തി സ്തംഭിപ്പിക്കാനും ലേസർ ഉപയോഗിച്ച് തകർക്കാനും ശേഷിയുള്ള കൈയിൽ കൊണ്ടുനടക്കാവുന്ന ‘ആന്റി-ഡ്രോൺ ഗണ്ണുകൾ’ വാങ്ങാൻ പോലീസ് തീരുമാനിച്ചു. പോലീസ് നവീകരണത്തിനുള്ള സ്റ്റേറ്റ് പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തിയാണ് പുതിയ സുരക്ഷാ ഉപകരണം സേനയുടെ ഭാഗമാക്കുന്നത്.

പ്രവർത്തനം ഇങ്ങനെ

കൈയിൽ കൊണ്ടുനടക്കാവുന്ന തോക്കിന്റെ രൂപത്തിലുള്ള ഈ ഉപകരണം ഉപയോഗിച്ച് നാല് കിലോമീറ്റർ പരിധിയിലുള്ള ഡ്രോണുകളെ കണ്ടെത്താനാകും. ഡ്രോണും അതിന്റെ ഓപ്പറേറ്ററും തമ്മിലുള്ള റേഡിയോ തരംഗങ്ങൾ തടസ്സപ്പെടുത്തി ഡ്രോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും സുരക്ഷിതമായി നിലത്തിറക്കാനും ഇതിലൂടെ സാധിക്കും. അടിയന്തര സാഹചര്യങ്ങളിൽ ലേസർ രശ്മികൾ ഉപയോഗിച്ച് ഡ്രോണുകളെ ആകാശത്തുവെച്ചുതന്നെ നശിപ്പിക്കാനും ഈ ഉപകരണത്തിന് കഴിയും.

വാങ്ങുന്നത് ഗുരുതര സുരക്ഷാ ഭീഷണിയെ തുടർന്ന്

ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ, തുറമുഖങ്ങൾ, സൈനിക കേന്ദ്രങ്ങൾ, 590 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശം എന്നിവയെല്ലാം ഉൾപ്പെടുന്ന തന്ത്രപ്രധാനമായ സംസ്ഥാനമാണ് കേരളം. സമീപകാലത്തായി തലസ്ഥാനത്തെ വ്യോമപാത, പോലീസ് ആസ്ഥാനം, തീരമേഖല എന്നിവിടങ്ങളിൽ അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം അടിക്കടി റിപ്പോർട്ട് ചെയ്തിരുന്നു. അതീവ സുരക്ഷാ മേഖലയായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലും, വിമാനത്താവളത്തിന്റെ റൺവേയിൽ ഡ്രോൺ തകർന്നുവീണ സംഭവവും സുരക്ഷാ ഏജൻസികളെ ആശങ്കയിലാഴ്ത്തിയിരുന്നു. വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം നടത്തുമെന്ന ഭീഷണിയും മുമ്പ് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രോണുകളെ നേരിടാൻ പോലീസ് നിർബന്ധിതരായത്.

നിരോധനം 82 തന്ത്രപ്രധാന ഇടങ്ങളിൽ

രാജ്ഭവൻ, സെക്രട്ടേറിയറ്റ്, മന്ത്രിമന്ദിരങ്ങൾ, ഐ.എസ്.ആർ.ഒ കേന്ദ്രങ്ങൾ, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, വിമാനത്താവളം എന്നിവയുൾപ്പെടെ 82 തന്ത്രപ്രധാന കേന്ദ്രങ്ങളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നതിന് കർശന നിരോധനമുണ്ട്. വിമാനത്താവളത്തിന് സമീപം ഡ്രോൺ പറത്തുന്നത് എയർക്രാഫ്റ്റ് നിയമപ്രകാരം രണ്ട് വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താനും കുറ്റവാളികളെ പിടികൂടാനും എളുപ്പമാകും.