
ന്യൂഡൽഹി: ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ രാജ്യത്തെ വിമാനക്കമ്പനികൾ റദ്ദാക്കിയത് 5,706 സർവീസുകൾ. റെഗുലേറ്ററി പ്രശ്നങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമാണ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കാൻ കാരണമായതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത് ഇൻഡിഗോ എയർലൈൻസാണ്.
കോൺഗ്രസ് എംപിമാരായ ഫൂലോ ദേവി നേതാം, രഞ്ജീത് രഞ്ജൻ എന്നിവരുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ ഈ കണക്കുകൾ വെളിപ്പെടുത്തിയത്.
2025 ജനുവരി മുതൽ ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയത് ഇൻഡിഗോയാണ് – 3,274 സർവീസുകൾ. എയർ ഇന്ത്യ ഗ്രൂപ്പ് (എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെ) 1,468 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ, സ്പൈസ്ജെറ്റ് 401, അലയൻസ് എയർ 499, ആകാശ എയർ 64 എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ കണക്ക്.
ഈ കാലയളവിൽ ഏറ്റവും കൂടുതൽ സർവീസുകൾ നടത്തിയതും ഇൻഡിഗോയാണ് (3,56,811). എയർ ഇന്ത്യ ഗ്രൂപ്പ് 1,61,204 സർവീസുകളും സ്പൈസ്ജെറ്റ് 19,476 സർവീസുകളും നടത്തി. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ യാത്രക്കാരുടെ എണ്ണത്തിൽ 7.34% വർധനവുണ്ടായതായും മന്ത്രാലയം വ്യക്തമാക്കി.
യാത്രക്കാർക്കും കമ്പനികൾക്കും നഷ്ടം
വിമാനങ്ങൾ റദ്ദാക്കുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതിന് പുറമെ, വിമാനക്കമ്പനികൾക്കും കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അധിക ഇന്ധനം, ജീവനക്കാരുടെ ഓവർടൈം, അറ്റകുറ്റപ്പണികൾ, എയർപോർട്ട് ഫീസ്, യാത്രക്കാർക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യൽ, നഷ്ടപരിഹാരം നൽകൽ എന്നിവയെല്ലാം കമ്പനികളുടെ ചെലവ് വർധിപ്പിക്കുന്നു.
നഷ്ടപരിഹാരം ലഭിക്കാൻ യാത്രക്കാർക്ക് അവകാശമുണ്ട്
വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) കർശനമായ നിയമങ്ങൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്. “Denied boarding, cancellation of flights and delays in flights” എന്ന നിയമപ്രകാരം യാത്രക്കാർക്ക് ലഭിക്കേണ്ട സൗകര്യങ്ങളും നഷ്ടപരിഹാരവും ഉറപ്പാക്കാൻ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണ്. ടിക്കറ്റ് റീഫണ്ടിന് പുറമെ, യാത്രക്കാർക്ക് ഭക്ഷണവും താമസസൗകര്യവും നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.