NewsPolitics

കോടിയേരി മുതല്‍ ഗോവിന്ദൻ വരെ; മക്കള്‍ വിവാദം സിപിഎമ്മിന് എന്നും തലവേദന

കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, സിപിഎം നേതാക്കളുടെ മക്കൾ തുടർച്ചയായി വിവാദങ്ങളിൽപ്പെടുന്നത് പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വരെയുള്ള ഉന്നത നേതാക്കളുടെ മക്കൾക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ, തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സിപിഎമ്മിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

ഏറ്റവും ഒടുവിലത്തേതാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാം ഗോവിന്ദനെതിരെയുള്ള ആരോപണം. പാർട്ടി നേതാക്കളുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഇടനിലക്കാരനുമായി ശ്യാമിന് ബന്ധമുണ്ടെന്ന് തലശ്ശേരി സ്വദേശി ഷെർഷാദാണ് പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കുമ്പോൾ, മറ്റ് നേതാക്കളുടെ മക്കൾ വിവാദത്തിൽപ്പെടുമ്പോൾ പാർട്ടിക്ക് വ്യക്തമായ മറുപടിയില്ലാത്ത അവസ്ഥയാണുള്ളത്.

വിവാദങ്ങളുടെ പരമ്പര

1. മുഖ്യമന്ത്രിയുടെ മകളും സിഎംആർഎൽ കേസും: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ, കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്ന ആരോപണം വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഈ കേസിൽ കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതോടെ വിഷയം കൂടുതൽ ഗൗരവമായി.

2. ഇ.പി. ജയരാജനും മക്കളും: മുൻമന്ത്രി ഇ.പി. ജയരാജന്റെ മക്കളായ ജയ്സൺ രാജിനും ജിജിത്ത് രാജിനുമെതിരെ ഒന്നിലധികം ആരോപണങ്ങളുണ്ട്. കണ്ണൂരിലെ ആയുർവേദ റിസോർട്ട് വിവാദം, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം, ലൈഫ് മിഷൻ അഴിമതിയിലെ പങ്ക് എന്നിവ ജയ്സണെതിരെ ഉയർന്നപ്പോൾ, ഇ.പി. ജയരാജൻ-ബിജെപി ചർച്ചകൾക്ക് ഇടനിലക്കാരനായത് മകൻ ജിജിത്താണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു.

3. പി. ജയരാജന്റെ മകൻ: സിപിഎം നേതാവ് പി. ജയരാജന്റെ മകൻ ജയിൻ രാജിന് സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധമുണ്ടെന്ന് പാർട്ടിക്കകത്തുനിന്നുതന്നെ ആരോപണമുയർന്നു. കള്ളക്കടത്ത് പണം ഉപയോഗിച്ച് കൂറ്റൻ വീട് നിർമ്മിച്ചെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു.

4. കോടിയേരിയുടെ മക്കൾ സൃഷ്ടിച്ച തലവേദന: സിപിഎമ്മിന്റെ മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതിച്ഛായയെത്തന്നെ ബാധിച്ചതായിരുന്നു മക്കളായ ബിനോയിയുടെയും ബിനീഷിന്റെയും കേസുകൾ. ബിനോയിക്കെതിരെ ദുബായിലെ സാമ്പത്തിക തട്ടിപ്പ് കേസും പീഡന പരാതിയും ഉയർന്നപ്പോൾ, ബിനീഷ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് പ്രതിയായത്.

5. ബന്ധുനിയമന വിവാദം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായത് ബന്ധുനിയമന വിവാദത്തിലായിരുന്നു. പി.കെ. ശ്രീമതിയുടെ മകനായ സുധീർ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയായി നിയമിച്ചതായിരുന്നു വിവാദമായത്.

സർക്കാരിന്റെ അവസാന വർഷം ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങളെ സമീപിക്കാനൊരുങ്ങുന്ന സിപിഎമ്മിന്, നേതാക്കളുടെ മക്കൾക്കെതിരായ ഈ ആരോപണങ്ങൾ വലിയ തിരിച്ചടിയാണ് നൽകുന്നത്. ഇത് പ്രതിപക്ഷത്തിന് ശക്തമായ രാഷ്ട്രീയ ആയുധമായി മാറുകയും ചെയ്യുന്നു.