
വെളിച്ചെണ്ണയിൽ മായം: ഒരു മാസത്തിനിടെ 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു
ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനകളിലാണ് വൻതോതിൽ വ്യാജ വെളിച്ചെണ്ണ കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 1014 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഇതിൽനിന്ന് 469 സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനകൾക്കായി അയച്ചു. ഇതിനോടകം 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും, ‘കേരസൂര്യ’, ‘കേര ഹരിതം’, ‘കുട്ടനാടൻ കേര’ തുടങ്ങിയ പേരുകളിൽ വ്യാജ വെളിച്ചെണ്ണ നിർമ്മിച്ച് വിതരണം ചെയ്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾ ഏപ്രിൽ മാസം മുതൽ കൂടുതൽ ശക്തമാക്കിയിരുന്നു. ഈ കാലയളവിൽ 21,030 പരിശോധനകൾ നടത്തി. ഇതിന്റെ ഫലമായി 331 സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും 1613 സ്ഥാപനങ്ങളിൽ നിന്ന് 63 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഓണക്കാലത്ത് പ്രത്യേക സ്ക്വാഡുകൾ; രാത്രികാല പരിശോധനയും
വരും ദിവസങ്ങളിൽ ഓണം വിപണി ലക്ഷ്യമിട്ടുള്ള പരിശോധനകൾക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് എല്ലാ ജില്ലകളിലും പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും. ഭക്ഷണശാലകൾ, വഴിയോരക്കച്ചവടക്കാർ, ബേക്കിംഗ് യൂണിറ്റുകൾ, കേറ്ററിംഗ് യൂണിറ്റുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ഭക്ഷ്യ എണ്ണകൾ, നെയ്യ്, ശർക്കര, പാൽ, പാൽ ഉത്പന്നങ്ങൾ, പായസം മിശ്രിതം, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് പ്രധാനമായും പരിശോധന നടത്തുക.
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലായിരിക്കും ജില്ലാതല സ്ക്വാഡുകൾ പ്രവർത്തിക്കുക. ഓണം ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ജില്ലാ ആസ്ഥാനത്ത് പ്രത്യേക സ്ക്വാഡ് തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
നിയമലംഘകർക്കെതിരെ കർശന നടപടി
ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ ഒരു സ്ഥാപനവും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ നിർമ്മാണ തീയതിയും, കാലാവധിയും ഉൾപ്പെടെയുള്ള ലേബൽ വിവരങ്ങൾ നിർബന്ധമായും പരിശോധിക്കണമെന്ന് ഉപഭോക്താക്കളോട് മന്ത്രി അഭ്യർത്ഥിച്ചു. ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കുന്നതിനായി 1800 425 1125 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു.