
സൽമാൻ ഖാൻ ചിത്രം സിക്കന്തർ പരാജയപ്പെട്ടത് എന്തുകൊണ്ട്? തുറന്ന് പറഞ്ഞ് സംവിധായകൻ എ.ആർ. മുരുകദോസ്
സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുകദോസ് ഒരുക്കിയ സിക്കന്തർ തിയേറ്ററുകളിൽ വലിയ ചലനമുണ്ടാക്കാതെ പരാജയപ്പെട്ടിരുന്നു. വൻ മുതൽമുടക്കിൽ നിർമ്മിച്ച ഈ സിനിമയ്ക്ക് 100 കോടിയിലധികം രൂപ പോലും നേടാനായില്ല. ഇപ്പോഴിതാ, ചിത്രത്തിന്റെ പരാജയ കാരണങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എ.ആർ. മുരുകദോസ്.
വാലൈപ്പേച്ചു വോയ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുരുകദോസ് തന്റെ കരിയറിലെ വലിയ തിരിച്ചടിയെക്കുറിച്ച് വെളിപ്പെടുത്തിയത്. ചിത്രീകരണത്തിനായി സൽമാൻ ഖാൻ വൈകിയെത്തിയിരുന്നത് ഷൂട്ടിങ്ങിനെ സാരമായി ബാധിച്ചുവെന്ന് അദ്ദേഹം പറയുന്നു. “സാധാരണ ഞങ്ങൾ അതിരാവിലെ മുതലാണ് ഷൂട്ട് ചെയ്യാറുള്ളത്, എന്നാൽ സൽമാൻ സാർ രാത്രി എട്ട് മണിയാകുമ്പോഴാണ് ലൊക്കേഷനിലെത്തുക. അതുകൊണ്ട് പകൽ രംഗങ്ങൾ പോലും രാത്രിയാണ് ചിത്രീകരിക്കേണ്ടിവരുന്നത്.” മുരുകദോസ് പറഞ്ഞു.
കുട്ടികളെ വെച്ചുള്ള രംഗങ്ങൾ ചിത്രീകരിക്കാൻ ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. സ്കൂളിൽ നിന്ന് മടങ്ങിവരുന്ന കുട്ടികളുടെ രംഗം പോലും അർദ്ധരാത്രി രണ്ട് മണിക്കാണ് ചിത്രീകരിക്കേണ്ടിവന്നത്. രാത്രി വൈകിയതോടെ കുട്ടികൾ ക്ഷീണിച്ച് ഉറങ്ങിപ്പോകുന്നത് പലപ്പോഴും ചിത്രീകരണത്തെ തടസ്സപ്പെടുത്തി.
കൂടാതെ, ചിത്രത്തിന്റെ കഥ നല്ലതായിരുന്നുവെങ്കിലും അത് ഫലപ്രദമായി സ്‌ക്രീനിലേക്ക് മാറ്റുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും മുരുകദോസ് തുറന്നുസമ്മതിച്ചു. കഥയിൽ, രാജാവിന് ഭാര്യയെ നഷ്ടപ്പെടുമ്പോൾ, അവളുടെ അവയവങ്ങൾ മൂന്ന് പേർക്ക് ദാനം ചെയ്യുന്നു. അതിനുശേഷം അവരെ തേടിപ്പോയി, ഭാര്യക്ക് വേണ്ടി ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങൾ അവരിലൂടെ നിറവേറ്റാൻ ശ്രമിക്കുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിലുണ്ടായിരുന്നത്. എന്നാൽ ഈ കഥയെ പ്രേക്ഷകരുമായി ബന്ധിപ്പിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൽമാൻ ഖാൻ ചിത്രം 250 കോടിയിലധികം കളക്ഷൻ നേടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 110 കോടിയിൽ ഒതുങ്ങിയിരുന്നു. ഹിന്ദി പ്രേക്ഷകരുമായി തന്റെ ചിന്താഗതിക്ക് ബന്ധമില്ലെന്ന് മനസ്സിലാക്കിയപ്പോൾ അത് തന്നെ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും ബോളിവുഡിൽ തന്റെ ‘കൺഫർട്ട് സോൺ’ കണ്ടെത്താൻ കഴിഞ്ഞാൽ വീണ്ടും സിനിമ ചെയ്യുമെന്നും മുരുകദോസ് കൂട്ടിച്ചേർത്തു.