
‘മതപഠനം സ്കൂൾ സമയത്തിന് ശേഷം മതി’; സ്കൂൾ സമയമാറ്റത്തിൽ സ്പീക്കർ എ.എൻ. ഷംസീർ
തലശ്ശേരി: സംസ്ഥാനത്തെ സ്കൂൾ സമയമാറ്റം സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ട് സ്പീക്കർ എ.എൻ. ഷംസീർ. കുട്ടികളുടെ മതപഠനം സ്കൂൾ സമയത്തിന് ശേഷവും മറ്റ് ഒഴിവുസമയങ്ങളിലും ആക്കുന്നതിനെക്കുറിച്ച് മതപണ്ഡിതന്മാർ പുനർവിചിന്തനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിൽ പോലും സ്കൂളുകൾ രാവിലെ എട്ട് മണിക്ക് ആരംഭിക്കുമ്പോൾ, കേരളത്തിൽ മാത്രം മാറ്റങ്ങൾ സാധ്യമല്ലെന്ന ചിലരുടെ നിലപാട് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
കതിരൂർ പഞ്ചായത്തിലെ പുല്യോട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ പുതിയതായി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്പീക്കർ. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ സമയമാറ്റത്തെക്കുറിച്ച് മുൻപ് സംസാരിച്ചപ്പോൾ തനിക്കെതിരെ വലിയ രീതിയിലുള്ള ആക്ഷേപങ്ങൾ ഉയർന്നുവന്നതായും, തന്നെ ഒരു മതവിരുദ്ധനായി ചിത്രീകരിച്ചതായും ഷംസീർ ഓർമ്മിപ്പിച്ചു.
“രാവിലെ ഉറങ്ങിയെഴുന്നേറ്റ് നല്ല അന്തരീക്ഷത്തിൽ കുട്ടികൾ പഠിക്കാൻ പോകട്ടെ. ഉച്ചയ്ക്ക് ശേഷം അവർ കളിക്കട്ടെ. ആ സമയത്ത് വേണമെങ്കിൽ മതപഠനവും ആകാം. കാലത്തിനനുസരിച്ച് നാം മാറേണ്ടതുണ്ട്. ഈ വിഷയത്തിൽ കേരളത്തിൽ ഇനിയും ഗൗരവമായ ചർച്ചകൾ നടക്കണം,” ഷംസീർ പറഞ്ഞു.
പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും, ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക നിലവാരം ഉയർത്താനും കൂടുതൽ പ്രതിഭാശാലികളെ സൃഷ്ടിക്കാനും സ്കൂളുകൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്ക് പഠിക്കാനും കളിക്കാനും ഒരുപോലെ അവസരം നൽകുന്ന പഠനാന്തരീക്ഷമാണ് വേണ്ടതെന്നും, അതിന് സ്കൂൾ സമയമാറ്റം പോലുള്ള പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.