News

ഡ്രോയിങ്ങ് മാറ്റി, തോരായി കടവ് പാലം തകർന്നു ! വീഴ്ച കെ.ആർ.എഫ്.ബി.ക്ക്; റിയാസിനെ വെട്ടിലാക്കി കെ.എം എബ്രഹാം

​കോഴിക്കോട് തോരായി കടവ് പാലം തകർന്ന സംഭവത്തിൽ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡിന് (കെ.ആർ.എഫ്.ബി.) ഗുരുതര വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് കിഫ്ബി രംഗത്ത്. പാലം തകരാൻ കാരണം ആരാണെന്ന് കണ്ടെത്താൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിഫ്ബിയുടെ ഈ വെളിപ്പെടുത്തൽ. ഇതോടെ മന്ത്രി വെട്ടിലായിരിക്കുകയാണ്.

​പാലത്തിൻ്റെ യഥാർത്ഥ ഡ്രോയിങ്ങിൽ നിന്ന് വ്യതിചലിച്ചാണ് നിർമാണം നടത്തിയതെന്നാണ് കിഫ്ബിയുടെ പ്രധാന ആരോപണം. കഴിഞ്ഞ മെയ് മാസത്തിൽ നടത്തിയ പരിശോധനയിൽ ഈ വീഴ്ച കണ്ടെത്തിയിരുന്നു. ആറാമത്തെയും ഏഴാമത്തെയും തൂണുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തെ സ്റ്റേജിങ് വർക്കിലാണ് മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഇത് ചൂണ്ടിക്കാട്ടി മെയ് 19-ന് കെ.ആർ.എഫ്.ബി.ക്ക് ഒബ്സർവേഷൻ മെമ്മോ നൽകിയിരുന്നു. എന്നാൽ, ഇതിന് കാരണം വിശദീകരിക്കാനോ ഡ്രോയിങ് മാറ്റിയതിന് അനുമതിയുണ്ടെങ്കിൽ അത് ഹാജരാക്കാനോ കെ.ആർ.എഫ്.ബി. തയ്യാറായില്ലെന്നും കിഫ്ബി ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. കെ.എം. എബ്രഹാം നേതൃത്വം നൽകുന്ന കിഫ്ബിയുടെ ഈ നിലപാട് കെ.ആർ.എഫ്.ബി.യുടെ ചുമതലയുള്ള മന്ത്രി റിയാസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേരത്തെ, മന്ത്രിയുടെ ഭാര്യ വീണാ വിജയൻ്റെ ആവശ്യത്തിനായി കെ.ആർ.എഫ്.ബി.യുടെ വാഹനം ഉപയോഗിച്ചെന്ന വിവാദങ്ങളും ഉയർന്നിരുന്നു.

​ഈ മാസം 14-ന് അപകടം നടന്നപ്പോൾ മൂന്നാമത്തെയും നാലാമത്തെയും തൂണുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തെ ഗർഡറിൻ്റെ കോൺക്രീറ്റ് പണികളാണ് നടന്നുകൊണ്ടിരുന്നത്. ഗർഡറുകൾ സ്ഥാപിച്ചിരുന്ന സ്റ്റീൽ ക്രിബുകൾക്ക് മുകളിലെ മരക്കട്ടകൾക്ക് സ്ഥാനചലനം ഉണ്ടായതാണ് അപകടകാരണമെന്ന് കെ.ആർ.എഫ്.ബി. വിശദീകരിച്ചിരുന്നു. എന്നാൽ, ഈ വാദത്തിന് വിരുദ്ധമായാണ് കിഫ്ബിയുടെ പുതിയ ആരോപണങ്ങൾ.