
പദ്മനാഭസ്വാമി ക്ഷേത്രത്തിൽ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്തു, പിന്നിൽ ജീവനക്കാരനെന്ന് സംശയം
തിരുവനന്തപുരം: ലോകപ്രശസ്തമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച. ക്ഷേത്രത്തിലെ കംപ്യൂട്ടർ നെറ്റ്‌വർക്ക് ഹാക്ക് ചെയ്ത് നിർണായക വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തി. ക്ഷേത്രത്തിലെ പ്രോഗ്രാമുകളിലും ഡാറ്റകളിലും മാറ്റം വരുത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി. മഹേഷ് നൽകിയ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിലെ ഒരു മുൻ താത്ക്കാലിക ജീവനക്കാരനാണ് ഹാക്കിങ്ങിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മാസങ്ങൾക്ക് മുൻപ് സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കംപ്യൂട്ടർ വിഭാഗത്തിൽ നിന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ചില സംഘടനകളുടെ നേതൃത്വത്തിൽ ഇയാൾക്ക് വേണ്ടി ഉന്നത ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമം നടന്നതായും പരാതിയുണ്ട്.
കമ്പ്യൂട്ടർ വിഭാഗത്തിൽ നിന്ന് മാറ്റിയ ശേഷവും ഈ ജീവനക്കാരൻ ക്ഷേത്രത്തിന്റെ നെറ്റ്‌വർക്കിലേക്ക് അനധികൃതമായി പ്രവേശിക്കുകയും ഉന്നത ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറുകളിൽ നിന്നടക്കം വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നതായാണ് കണ്ടെത്തൽ. മറ്റ് പല ഉദ്യോഗസ്ഥർക്കും നെറ്റ്‌വർക്കിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം വന്നതോടെ, ക്ഷേത്രം അധികൃതർ ഒരു സൈബർ വിദഗ്ദ്ധനെക്കൊണ്ട് വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഹാക്കിംഗ് വിവരം പുറത്തറിയുന്നത്.
ജൂൺ 13-ന് മുൻപുള്ള ദിവസങ്ങളിലാണ് ഹാക്കിംഗ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളെയും സുരക്ഷാ സംവിധാനങ്ങളെയും ഹാക്കിംഗ് എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. സാമ്പത്തിക തട്ടിപ്പാണോ അതോ മറ്റ് ഗൂഢലക്ഷ്യങ്ങളാണോ ഇതിന് പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.