
ശക്തമായ മഴ: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പാലക്കാട്∙ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 19ന്) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായുമാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, കിന്റർഗാർഡൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
കോളജുകൾ, പ്രഫഷനൽ കോളജുകൾ, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ, നവോദയ വിദ്യാലയം, റെസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. അതേസമയം, സ്കൂൾ പരീക്ഷകൾക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾക്ക് പകരം പ്രവർത്തി ദിവസങ്ങൾ ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.