FootballSports

സാൻ്റോസിന് നാണക്കേടിൻ്റെ തോൽവി: പൊട്ടിക്കരഞ്ഞ് നെയ്മർ | Neymar Jr

സാവോ പോളോ: ബ്രസീലിയൻ ഫുട്ബോൾ ക്ലബ്ബായ സാൻ്റോസിന് വീണ്ടും നാണക്കേടിൻ്റെ തോൽവി. ഞായറാഴ്ച നടന്ന മത്സരത്തിൽ വാസ്കോ ഡ ഗാമയോട് സ്വന്തം മൈതാനത്ത് വെച്ച് 6-0ന് തോറ്റതിന് പിന്നാലെ പരിശീലകൻ ക്ലെബർ സേവ്യറിനെ ക്ലബ്ബ് പുറത്താക്കി. മത്സരശേഷം വികാരധീനനായ സൂപ്പർ താരം നെയ്‌മർ ജൂനിയർ പൊട്ടിക്കരയുകയും സഹതാരങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

ഈ സീസണിൽ 19 മത്സരങ്ങൾ പൂർത്തിയായപ്പോൾ വെറും 6 വിജയങ്ങളും 3 സമനിലകളും 10 തോൽവികളുമായി ലീഗിൽ 15-ാം സ്ഥാനത്താണ് സാൻ്റോസ്. 21 പോയിന്റ് മാത്രമുള്ള ടീം തരംതാഴ്ത്തൽ ഭീഷണിയിലാണ്. ഏപ്രിലിൽ മാത്രമാണ് ക്ലെബർ സേവ്യർ പരിശീലകനായി സ്ഥാനമേറ്റെടുത്തത്. “ക്ലബ്ബിന് നൽകിയ സേവനങ്ങൾക്ക് പരിശീലകനോട് നന്ദി അറിയിക്കുന്നു, അദ്ദേഹത്തിൻ്റെ കരിയറിൽ എല്ലാവിധ ആശംസകളും നേരുന്നു,” സേവ്യറിനെ പുറത്താക്കിയതിനെക്കുറിച്ച് സാൻ്റോസ് പ്രസ്താവനയിൽ പറഞ്ഞു.

ബാഴ്സലോണയിൽ യൂറോപ്പിലെ വലിയ കിരീടങ്ങൾ നേടിയിട്ടുള്ള നെയ്‌മർ, തൻ്റെ കരിയറിൽ അപൂർവ്വമായ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഈ വർഷം ജനുവരിയിലാണ് സൗദി അറേബ്യയിൽ നിന്നുള്ള മോശം പ്രകടനത്തിന് ശേഷം അദ്ദേഹം തൻ്റെ പഴയ ക്ലബ്ബായ സാൻ്റോസിലേക്ക് മടങ്ങിയെത്തിയത്. ജൂണിൽ ഈ വർഷാവസാനം വരെ ക്ലബ്ബിൽ തുടരാനുള്ള കരാറിൽ അദ്ദേഹം ഒപ്പുവെക്കുകയും ചെയ്തു.

വാസ്കോ ഡ ഗാമയ്ക്ക് വേണ്ടി ഫിലിപ്പ് കുട്ടീഞ്ഞോ രണ്ട് ഗോളുകൾ നേടി. കളിക്ക് ശേഷം കണ്ണീരോടെ കാണപ്പെട്ട നെയ്‌മറിനെ സാൻ്റോസിൻ്റെ സ്റ്റാഫ് അംഗങ്ങൾ ആശ്വസിപ്പിച്ചു. മത്സരശേഷവും ദേഷ്യത്തിലായിരുന്ന നെയ്‌മർ, ടീമിൻ്റെ മോശം പ്രകടനത്തെ തുറന്ന് വിമർശിച്ചു. ബ്രസീൽ ഇതിഹാസം പെലെയും നെയ്‌മറും ഉൾപ്പെടെയുള്ള പ്രമുഖർ കളിച്ച ക്ലബ്ബായ സാൻ്റോസ് ഇപ്പോൾ തരംതാഴ്ത്തൽ ഭീഷണി നേരിടുന്നത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.