
ബസ് ബോഡി നിർമ്മാണം ഇനി തോന്നിയപോലെ നടക്കില്ല; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി, രജിസ്‌ട്രേഷൻ കിട്ടാൻ കടമ്പകളേറെ
പാലക്കാട്: ബസുകൾ ഉൾപ്പെടെയുള്ള വലിയ പാസഞ്ചർ വാഹനങ്ങളുടെ ബോഡി നിർമ്മാണത്തിൽ കർശന സുരക്ഷാ നിബന്ധനകളുമായി മോട്ടോർ വാഹന വകുപ്പ്. സെപ്റ്റംബർ ഒന്നുമുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ, അംഗീകൃത ടെസ്റ്റിംഗ് ഏജൻസികളുടെ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് രജിസ്ട്രേഷൻ അനുവദിക്കില്ല.
കേന്ദ്ര മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന ബസ് ബോഡി കോഡ് പ്രകാരമുള്ള മാറ്റമാണിത്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ നിയമം അനുസരിച്ച്, 13 സീറ്റിന് മുകളിലുള്ള വാഹനങ്ങളുടെ ബോഡി നിർമ്മിക്കുന്ന സ്ഥാപനങ്ങൾ ഓരോ മോഡലിനും ഓട്ടമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടമോട്ടീവ് ടെക്നോളജി (ICAT) പോലുള്ള ഏജൻസികളുടെ അംഗീകാരം നേടണം. ഈ അംഗീകാരമില്ലാതെ നിർമ്മിക്കുന്ന വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ നൽകില്ല.
നിലവിൽ, ബോഡി നിർമ്മാതാവ് നൽകുന്ന ഫോം 22 ബി ഉപയോഗിച്ച് രജിസ്ട്രേഷൻ നേടാമായിരുന്നു. എന്നാൽ ഈ രീതിയാണ് സെപ്റ്റംബർ ഒന്നുമുതൽ ഇല്ലാതാകുന്നത്. അതേസമയം, ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്ന വാഹനങ്ങൾക്ക് ഒരു ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ മാസം 31-ന് മുൻപ് മോട്ടോർ വാഹന വകുപ്പിന് മുന്നിൽ ഹാജരാക്കിയാൽ നിലവിലെ ചട്ടങ്ങൾ അനുസരിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാം.