News

ഐസക്കിനെ കുരുക്കിലാക്കി ‘അവതാര’ ബന്ധം; 6 നിർണായക ചോദ്യങ്ങളുമായി അഡ്വ. വീണ എസ് നായർ

തിരുവനന്തപുരം: സിപിഎമ്മിലെ ‘അവതാര’ വിവാദങ്ങൾ മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിലേക്ക്. വിവാദങ്ങളുടെ കേന്ദ്രബിന്ദുവായ ലണ്ടൻ മലയാളി രാജേഷ് കൃഷ്ണയുമായുള്ള ഐസക്കിന്റെ ബന്ധം മുൻനിർത്തി ആറ് നിർണായക ചോദ്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വീണ എസ് നായർ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ നായർ ഐസക്കിന്റെ മൗനം ഭേദിക്കാൻ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

അധികാരത്തിന്റെ ഇടനാഴികളിലെ ഇടനിലക്കാരനും ‘അവതാര’വുമാണ് രാജേഷ് കൃഷ്ണയെന്ന് മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പ് നൽകിയിട്ടും, എന്തിനാണ് ഐസക്കിനെപ്പോലൊരു മുതിർന്ന നേതാവ് അയാൾക്ക് പിന്തുണ നൽകിയതെന്നാണ് പ്രധാന ചോദ്യം. ധനമന്ത്രിയായിരുന്ന കാലത്ത് രാജേഷ് കൃഷ്ണ കടലാസ് കമ്പനികളുണ്ടാക്കി സർക്കാർ പദ്ധതികളിൽ പങ്കാളിയായിട്ടുണ്ടോ എന്നും, തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയിട്ടുണ്ടോ എന്നും വീണ നായർ ചോദിക്കുന്നു.

ഏറ്റവും ഗുരുതരമായ ആരോപണം ഒരു ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ടതാണ്. ഒരു പ്രശ്നത്തിൽ ഇടപെടണമെന്ന രാജേഷ് കൃഷ്ണയുടെ ആവശ്യപ്രകാരം, മന്ത്രിയായിരുന്ന തോമസ് ഐസക് ഫെഡറൽ ബാങ്ക് മാനേജരെ നേരിട്ട് വിളിച്ച് സംസാരിച്ചുവെന്ന് രാജേഷ് തന്നെ കോടതിയിൽ സമർപ്പിച്ച കത്തിലുണ്ട്.

ഈ വിഷയത്തിൽ ഐസക് പുലർത്തുന്ന മൗനം ദുരൂഹമാണെന്നും വീണ നായർ ആരോപിക്കുന്നു. രാജേഷ് കൃഷ്ണയുമായി എത്രനാളത്തെ പരിചയമുണ്ട്, അയാളുടെ യഥാർത്ഥ തൊഴിൽ എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കും ഐസക് മറുപടി പറയണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു.