News

സിപിഎം നേതാക്കള്‍ കോടികള്‍ തട്ടിയത് കടലാസ് കമ്പനി രൂപീകരിച്ച്; സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്ക് റിവേഴ്‌സ് ഹവാല: വി.ഡി. സതീശൻ

കൊച്ചി: സിപിഎം നേതാക്കൾ ഉൾപ്പെട്ട കോടികളുടെ റിവേഴ്‌സ് ഹവാല ഇടപാട് പുറത്തുകൊണ്ടുവന്ന ‘കത്ത് ബോംബിലും’, മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘അദൃശ്യ ശക്തി’യെക്കുറിച്ചുള്ള വിജിലൻസ് കോടതിയുടെ രൂക്ഷ വിമർശനത്തിലും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് ലഭിച്ച അതീവ ഗുരുതരമായ പരാതി വർഷങ്ങളോളം മൂടിവെച്ച പാർട്ടി, ഇപ്പോൾ കത്ത് ചോർന്നതിനെക്കുറിച്ച് മാത്രം ചർച്ച ചെയ്യുന്നത് യഥാർത്ഥ വിഷയത്തിൽ നിന്ന് ഒളിച്ചോടാനാണെന്നും അദ്ദേഹം പറവൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ (17/08/2025) ആരോപിച്ചു.

റിവേഴ്‌സ് ഹവാലയും പാർട്ടി സെക്രട്ടറിയുടെ മകനും

ചെന്നൈ ആസ്ഥാനമായുള്ള കടലാസ് കമ്പനി വഴി വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപ കേരളത്തിലെ പ്രമുഖ സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. “2021-ൽ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് ലഭിച്ച ഈ പരാതി എന്തുകൊണ്ടാണ് പാർട്ടി ഇത്രയും കാലം മറച്ചുവെച്ചത്? ഇപ്പോൾ ആരോപണവിധേയനായ വ്യക്തി തന്നെ ആ കത്ത് ഡൽഹി ഹൈക്കോടതിയിൽ ഹാജരാക്കിയിരിക്കുന്നു. പരാതിക്കാരൻ പറയുന്നത്, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനാണ് കത്ത് ചോർത്തി നൽകിയതെന്നാണ്. പിബിക്ക് മാത്രം അറിയാവുന്ന ഒരു കത്ത് എങ്ങനെ സെക്രട്ടറിയിയുടെ മകന്റെ കയ്യിലെത്തി? ഈ സാമ്പത്തിക ഇടപാടിൽ അദ്ദേഹത്തിന് എന്ത് പങ്കാണുള്ളത്?” – സതീശൻ ചോദിച്ചു.

സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടാണ് പണക്കൈമാറ്റം നടന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയാൻ ബാധ്യസ്ഥനാണ്. മധുര പാർട്ടി കോൺഗ്രസിൽ പ്രത്യേക പ്രതിനിധിയായും ലോക കേരള സഭയിലും ആരോപണവിധേയനെ ഉൾപ്പെടുത്തിയത് ഈ നേതാക്കളുമായുള്ള ബന്ധം കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘ഉപജാപക സംഘം’

വിജിലൻസ് കോടതി വിധിയിലെ ‘അദൃശ്യ ശക്തി’ എന്ന പരാമർശം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തെക്കുറിച്ചാണെന്ന് വി.ഡി. സതീശൻ തുറന്നടിച്ചു. “മുഖ്യമന്ത്രിയെ രക്ഷിക്കാൻ ഒരു എഡിജിപി നടത്തിയ വഴിവിട്ട ഇടപെടലുകളെക്കുറിച്ചാണ് കോടതി പറഞ്ഞിരിക്കുന്നത്. ആർഎസ്എസ് നേതാവുമായി ചർച്ച നടത്തിയതും, തൃശൂർ പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ കളമൊരുക്കിയതും ഇതേ ഉദ്യോഗസ്ഥനാണ്. ഇത് സിപിഎം-ബിജെപി അവിശുദ്ധ ബന്ധത്തിന്റെ വ്യക്തമായ തെളിവാണ്.”

“സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണമെന്ന പരോക്ഷ പരാമർശം വന്നപ്പോൾ കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് സമരം നയിച്ചയാളാണ് പിണറായി വിജയൻ. ഇപ്പോൾ സ്വന്തം ഓഫീസിനും തനിക്കുമെതിരെ നേരിട്ട് പരാമർശം വന്നിട്ടും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. പൊലീസിൽ ആർഎസ്എസ് വിഭാഗമുണ്ടെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. എല്ലാറ്റിനും പിന്നിൽ ബിജെപിയുമായുള്ള സിപിഎമ്മിന്റെ രഹസ്യബന്ധമാണ്,” സതീശൻ കൂട്ടിച്ചേർത്തു. യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.