News

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: എൻഡിഎ സ്ഥാനാർഥിയായി സി.പി. രാധാകൃഷ്ണൻ

ന്യൂഡൽഹി: നിലവിലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ഡൽഹിയിൽ ചേർന്ന എൻഡിഎയുടെ നിർണായക യോഗത്തിലാണ് അന്തിമ തീരുമാനം. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

ഒട്ടേറെ പ്രമുഖരുടെ പേരുകൾ അഭ്യൂഹങ്ങളായി ഉയർന്നുകേട്ടെങ്കിലും അപ്രതീക്ഷിതമായാണ് തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന നേതാവായ സി.പി. രാധാകൃഷ്ണന് നറുക്കുവീണത്. ആരിഫ് മുഹമ്മദ് ഖാൻ, മനോജ് സിൻഹ, താവർചന്ദ് ഗെലോട്ട് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് 67-കാരനായ രാധാകൃഷ്ണൻ.

തമിഴ്‌നാട്ടിലെ തിരുപ്പൂർ സ്വദേശിയായ അദ്ദേഹം, ജനസംഘത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. ബിജെപിയുടെ തമിഴ്‌നാട് മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന രാധാകൃഷ്ണൻ, കോയമ്പത്തൂരിൽ നിന്ന് രണ്ട് തവണ ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2020 മുതൽ രണ്ട് വർഷം കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള പ്രഭാരിയായും പ്രവർത്തിച്ചു. ജാർഖണ്ഡ് ഗവർണറായി സേവനമനുഷ്ഠിച്ച ശേഷമാണ് മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റത്.

ഏകകണ്ഠമായി പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇതിനായി പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ജെ.പി. നഡ്ഡ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാൽ ജൂലൈ 21-നാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. സെപ്റ്റംബർ 9-നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക.